കർണാടകയിൽ മകളെ നഴ്സിങ്ങിനു ചേര്‍ത്ത് മടങ്ങിയ പിതാവിന്റെ മൃതദേഹം റെയിൽ പാളത്തിൽ
കോട്ടയം : മകളെ കര്‍ണാടകയിലെ നഴ്സിങ് സ്കൂളില്‍ ചേര്‍ത്തു മടങ്ങിയ പിതാവിന്റെ മൃതദേഹം തമിഴ്നാട് വേളൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി.ഏടത്വ നീരേറ്റുപുറം കാരിക്കുഴി കുറവുംപറമ്പില്‍ സുരേഷ്(48)ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ ഇളയമകള്‍ സുധിമോളെ ഹോസ്കോട്ട ശ്രീലക്ഷ്മി നഴ്സിങ് സ്കൂളില്‍ ചേര്‍ത്തശേഷം ഭാര്യ ആനിയുമായി ബുധനാഴ്ച വൈകിട്ട് ബംഗളുരു ആര്.കെ. പുരം സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ചു.രാത്രി ഇരുവരും ഉറങ്ങാന്‍ കിടന്നെങ്കിലും ഇടയ്ക്ക് ഉണര്‍ന്ന ആനി സുരേഷിനെ കണ്ടില്ല. ബാത്ത്റൂമില്‍ പോയതാണെന്ന് കരുതി നോക്കിയെങ്കിലും കാണാഞ്ഞതിനാല്‍ കൂടെയുള്ളവരെ വിളിച്ചുണര്‍ത്തി ട്രെയിനില്‍ അന്വഷിച്ചു. ട്രെയിന്‍ തിരുവല്ല സ്റ്റേഷനിലെത്തിയശേഷം ആനിയും കൂടെയുണ്ടായിരുന്നവരും കോട്ടയം റെയില്‍വേ പോലീസില്‍ പരാതിപ്പെട്ടു.
അന്വേഷണത്തില്‍ തമിഴ്നാട് വേളൂരില്‍ ട്രാക്കില്‍ അജ്ഞാതമൃതദേഹം കണ്ടെന്നറിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. സുധിമോള്‍ക്കൊപ്പം മറ്റ് രണ്ട് വിദ്യാര്‍ഥിനികളുമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളും സുരേഷിനൊപ്പം മടക്കയാത്രയിലുണ്ടായിരുന്നു. അസ്വാഭാവിക മരണത്തില്‍ റെയില്‍വേ പോലീസ് അന്വഷണം ആരംഭിച്ചു. മറ്റു മക്കള്‍: സുബി, സൂര്യ.