പകരം വീട്ടും,ചെന്നിത്തലയെ തോല്പിക്കാന് ഉറച്ച് സിപിഎം; ഹരിപ്പാട് സിപിഐയില്‍നിന്ന് ഏറ്റെടുക്കാൻ സാധ്യത
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് സിപിഐയില്‍നിന്നും ഏറ്റെടുക്കാനുള്ള സാധ്യതകള്‍ തേടി സിപിഎം. ഹരിപ്പാട് നല്കിയാല് പകരം അരൂരാണ് വാഗ്ദാനം. നാട്ടിക നല്കിയാല് പകരം മണ്ഡലം നല്‍കാമെന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നു. നാലോളം സീറ്റുകള്‍ വച്ചുമാറാനുള്ള സാധ്യതകളുണ്ടെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്.
സിപിഎമ്മിനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവിനെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തണമെന്ന വികാരം പ്രാദേശിക നേതൃത്വത്തിനുണ്ട്. മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നതും തദ്ദേശ തിരഞ്ഞെടുപ്പ് ജയവും പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 18,621 വോട്ടുകള്‍ക്കാണ് സിപിഐയിലെ പി. പ്രസാദിനെ രമേശ് ചെന്നിത്തല പരാജയപ്പെടുത്തിയത്. 2011ല്‍ 5520 വോട്ടുകള്‍ക്ക് സിപിഐയിലെ ജി. കൃഷ്ണപ്രസാദിനെ പരാജയപ്പെടുത്തി. അതിനു മുന്‍പു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി. ബാബുപ്രസാദ് 1886 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥി ടി.കെ. ദേവകുമാറിനെ പരാജയപ്പെടുത്തിയത്. അതിനു മുന്‍പ് ദേവകുമാറിലൂടെ സിപിഎം നിലനിര്‍ത്തിയ മണ്ഡലമായിരുന്നു ഹരിപ്പാട്. 1982,1987 വര്‍ഷങ്ങളിലും ചെന്നിത്തല ഹരിപ്പാടുനിന്നും വിജയിച്ചിട്ടുണ്ട്.
ഔദ്യോഗിക സീറ്റു നിര്‍ണയ ചര്‍ച്ചകളിലേക്കു എല്‍ഡിഎഫ് കടന്നിട്ടില്ല. ഈ മാസം അവസാനം തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം ചേരും. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണ ജാഥയുടെ കാര്യങ്ങള്‍ ചര്‍ച്ചയായേക്കും. രണ്ടു ജാഥകള്‍ നടത്താനാണ് ആലോചന. ഫെബ്രുവരി രണ്ടിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും മൂന്ന്, നാല് തീയതികളില്‍ സംസ്ഥാന സമിതിയും ചേരും. സിപിഐ ദേശീയ എക്സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങള്‍ ഈ മാസം 27, 28, 29 തീയതികളില്‍ ചേരുന്നുണ്ട്. ഫെബ്രുവരി 10, 11, 12, 13 തീയതികളില്‍ സംസ്ഥാന എക്സിക്യൂട്ടിവും കൗണ്‍സിലും ചേരും. ഇതിനു ശേഷമേ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കു വേഗംവരൂ.