മംഗളൂരു: ഉള്ളാള്‍ ബസ് സ്റ്റാന്റിലെ കൊരഗജ്ജ, ഗുലിഗജ്ജന കട്ടെ സംഭാവന പെട്ടികളില്‍ ഗർഭ നിരോധന ഉറകൾ നിക്ഷേപിച്ചത്തിനെതിരെ വിശ്വാസി സമൂഹത്തിൽ അമർഷം ഉയർന്നു. മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയുടെയും മകന് വിജയേന്ദ്രയുടെയും കേന്ദ്രമന്ത്രി അമിത്ഷായുടെയും നളിന്‍കുമാര്‍ കട്ടീല്‍ എം.പിയുടെയും പോസ്റ്ററുകള്‍ വികൃതമാക്കിയ നിലയിലും സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. സംക്രാന്തി ദിനത്തില്‍ സംഭാവനാ ബോക്സ് തുറക്കാറുണ്ടങ്കിലും ഇത്തവണ ബോക്സ് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം കൊരഗജ്ജ സേവാ സമിതി പെട്ടി തുറന്നപ്പോള്‍ കോണ്ടം പായ്ക്കറ്റും അശ്ലീലപരാമര്ശങ്ങളടങ്ങിയ എഴുത്തും കണ്ടെത്തുകയായിരുന്നു.
കെ.ആര്.ഐ.ഡി.എല്‍ ബംഗളൂരുവിന്റെ ചെയര്‍മാനായി എം. രുദ്രേഷിനെ നിയമിച്ചതിന് ആശംസകള്‍ നേര്‍ന്നുള്ള കുറിപ്പുമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് സേവാ സമിതി ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. വിശ്വാസി സമൂഹത്തെ അപമാനിച്ചു പ്രകോപനമുണ്ടാക്കി സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. കോട്ടാരയിലെ ബബ്ബുസ്വാമിയുടെ സംഭാവനാ ബോക്സുകളിലും അത്താവറിലെ ബാബുഗുദ്ദെയിലെ കൊറഗജ്ജന കട്ടയിലും അടുത്തിടെ കോണ്ടം പായ്ക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.