കോൺഗ്രസ് മുക്ത കേരളത്തിന് എൽ ഡി എഫ് തുടർഭരണമാണ് നല്ലത് ബി ജെ പി
തന്ത്രങ്ങൾ ഇങ്ങനെ.
തിരുവനന്തപുരം: കോൺഗ്രസ് മുക്ത ഭാരതം എന്ന സ്വപ്നം കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ സർവ സന്നാഹങ്ങളുമായി ബി ജെ പി. ഇതിനായുളള നീക്കങ്ങളാണ് സംഘ പരിവാർ അണിയറയിൽ
നീക്കുന്നത്. സംസ്ഥാനമൊട്ടാകെ നടക്കുന്ന പഠന ശിബിരങ്ങളിൽ ഇതുസംബന്ധിച്ച വ്യക്തമായ നിർദ്ദേശമാണ് പാർട്ടി പ്രവർത്തകർക്ക് നൽകുന്നത്.2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ്- എൻ ഡി എ മത്സരമെന്ന രീതിയിലായിരിക്കണം ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്നാണ് ബി ജെ പി നിർദ്ദേശം. യു ഡി എഫ് അധികാരത്തിൽ വരുന്നതിനെക്കാൾ സംസ്ഥാനത്ത് തുടർഭരണം വരുന്നതാണ് നല്ലതെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്. യു ഡി എഫ് തോറ്റാൽ കോൺഗ്രസിൽനിന്നും ചില ഘടകകക്ഷികളിൽനിന്നും വൻതോതിൽ ബി ജെ പി യിലേക്ക് നേതാക്കളുടേയും പ്രവർത്തകരുടേയും ഒഴുക്കുണ്ടാകുമെന്നാണ് ബി ജെ പി കരുതുന്നത്.കേഡർ പാർട്ടിയല്ലാത്ത കോൺഗ്രസിൽ ഒരു തവണ കൂടി കൊതിച്ചിരുന്ന ഭരണം നഷ്ടപ്പെട്ടാൽ ഭൂരിപക്ഷം പേരും തുടരില്ലെന്ന ഉത്തമവിശ്വാസം ബി ജെ പിക്കുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും ബി ജെ പിയെ ശക്തിപ്പെടുത്തിയതും ഇതേ തന്ത്രമാണ്. അധികാരമില്ലാതെ കോൺഗ്രസിൽ പ്രവർത്തകർ തുടരില്ല എന്ന ധാരണ ബി ജെ പി നേതാക്കൾക്ക് ആകമാനമുണ്ട്.ബി ജെ പിക്ക് അന്യമായിരുന്ന കർണാടക, ത്രിപുര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ ക്ഷീണിപ്പിച്ചതാണ് നേട്ടമുണ്ടാകാൻ കാരണം കേരളമൊഴിച്ച് എല്ലാ സംസ്ഥാനങ്ങളിലും ‘കോൺഗ്രസ് മുക്തഭാരതം’ എന്ന മുദ്രാവാക്യമായിരുന്നു ബി ജെ പിയുടേത്. കോൺഗ്രസും സി പി എമ്മും ഒരുപോലെ എതിർക്കേണ്ടവർ എന്നായിരുന്നു കേരളത്തിലെ ശൈലി.സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 31 ലക്ഷം വോട്ടുകൾ കിട്ടിയെന്നാണ് പാർട്ടി കണക്ക്. എൽ ഡി എഫിനും യു ഡി എഫിനും 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിൽ വോട്ടുകളാണ് കിട്ടിയത്. കോൺഗ്രസിനെ ക്ഷീണിപ്പിച്ചാൽ ബി ജെ പിക്ക് 50 ലക്ഷം വോട്ടിലേക്ക് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എത്താൻ പ്രയാസമുണ്ടാവില്ല എന്നാണ് കണക്കുകൂട്ടൽ. 140 നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന പഠനശിബിരങ്ങളിൽ സംസ്ഥാന-ജില്ലാ നേതാക്കളാണ് ഈ സന്ദേശം നൽകുന്നത്.