പ്ലാൻ റെഡി, 9 ഇനങ്ങളുമായി ഭക്ഷ്യകിറ്റ്, ഈസ്റ്ററും വിഷുവും പ്രമാണിച്ച് കൂടുതൽ ഇനങ്ങൾ
പാലക്കാട് :ഈ മാസം മുതൽ ഏപ്രിൽ വരെ റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന ഭക്ഷ്യക്കിറ്റിൽ 9 ഇനങ്ങളുണ്ടാകും. ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം ചെയ്യാൻ നടപടി ആരംഭിച്ചു. ചെറുപയർ (500 ഗ്രാം), ഉഴുന്ന് (500), തുവരപ്പരിപ്പ് (250), പഞ്ചസാര (ഒരു കിലോ), തേയില (100 ഗ്രാം), മുളകുപൊടി, അല്ലെങ്കിൽ മുളക് (100ഗ്രാം) കടുക് അല്ലെങ്കിൽ ഉലുവ (100 ഗ്രാം), വെളിച്ചെണ്ണ (അര ലീറ്റർ), ഉപ്പ് (1 കിലോ) എന്നിവയാണ് കിറ്റിലെ ഇനങ്ങൾ. ഏപ്രിലിൽ ഈസ്റ്റർ–വിഷു പ്രമാണിച്ച് കൂടുതൽ ഇനങ്ങളുണ്ടാകും.
ടെൻഡറിലൂടെ സ്വകാര്യ കമ്പനിയിൽ നിന്നും കുടുംബശ്രീയിൽ നിന്നുമാണ് കിറ്റിനാവശ്യമായ സഞ്ചി വാങ്ങുന്നത്. കുടുംബശ്രീയിൽ നിന്നു മാസം 25 ലക്ഷം തുണി സഞ്ചികൾ വീതം 4 മാസത്തേക്ക് കേന്ദ്രീകൃത സംവിധാനത്തിൽ സപ്ലൈകോയ്ക്ക് നൽകാൻ കരാറായി. ബാക്കി സ്വകാര്യ കമ്പനിയിൽനിന്നു വാങ്ങാനുള്ള ടെൻഡർ പൂർത്തിയായതായി അധികൃതർ പറഞ്ഞു.
നാലു മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണത്തിന് എതാണ്ട് 3.75 കോടി സഞ്ചികളാണ് ആവശ്യം. മൊത്തം 88.8 ലക്ഷം കാർഡുടമകളിൽ ശരാശരി 83 ലക്ഷം പേർ കിറ്റ് വാങ്ങുമെന്നാണ് സപ്ലൈകോയുടെ കണക്കുകൂട്ടൽ. ലോക്ഡൗൺ കാലത്താണ് ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്.