തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ്; അവകാശലംഘന നോട്ടീസില്‍ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസില്‍ നിയമസഭാ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്കുന്ന റിപ്പോര്‍ട്ടാണ് കമ്മിറ്റി തയ്യാറാക്കിയത്. അവകാശ ലംഘന പരാതിയില്‍ ഐസക്കിനെതിരായ തുടര്‍ നടപടി അവസാനിപ്പിക്കാനാണ് സമിതിയുടെ ശുപാര്‍ശ.സി എ ജിക്കെതിരായ മന്ത്രിയുടെ ആരോപണം വസ്തുതാധിഷ്ഠിതമാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സി എ ജിക്കെതിരായ ഐസക്കിന്റെ ആരോപണങ്ങളും സി എ ജി റിപ്പോര്‍ട്ടിന്റെ ഉളളടക്കം പുറത്തുവിട്ട പ്രശാന്ത് ഭൂഷണെതിരെ രാജ്യസഭ എത്തിക്സ് കമ്മിറ്റി നടപടി എടുക്കാത്ത കീഴ്വഴക്കവും പരിഗണിച്ചാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.അതേസമയം, സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ റിപ്പോര്‍ട്ടില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷത്തെ മൂന്ന് എം എല്‍ എമാരുടെ വിയോജിപ്പോടെയാണ് ക്ലീന്‍ ചിറ്റ്. റിപ്പോര്‍ട്ട് സ്പീക്കര്‍ അംഗീകരിച്ച ശേഷം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കും. വോട്ടിംഗ് ഉണ്ടായാലും സര്‍ക്കാര്‍ തീരുമാനത്തിനാകും അംഗീകാരം ലഭിക്കുക.സി എ ജി റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മറുപടി പറയുകയാണ് ചെയ്തതെന്നാണ് മന്ത്രി എത്തിക്സ് കമ്മിറ്റി മുമ്പാകെ നേരിട്ട് ഹാജരായി നല്കിയ വിശദീകരണം. അതേസമയം, സി എ ജിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ധനമന്ത്രി ഇന്നും നടത്തിയത്. സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താനുളള നീക്കമാണ് നടക്കുന്നതെന്ന് ഐസക്ക് ഇന്നും സഭയില്‍ ആവര്‍ത്തിച്ചു.