കര്‍ഷക പ്രക്ഷോഭം തുടരുന്നത് രാജ്യത്തിന് ഗുണകരമല്ല; കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി ആര്‍എസ്എസ്
ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരും കര്‍ഷകരും ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും വിട്ടുവീഴ്ച ചെയ്യണമെന്നുമുള്ള നിര്‍ദേശവുമായി ആര്‍എസ്എസ്. ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്കിയ അഭിമുഖത്തിലാണ് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു പ്രക്ഷോഭവും ഇത്രകാലത്തോളം നീണ്ടു പോകുന്നത് ഒരു സമൂഹത്തിനും ഗുണകരമാവില്ല. ഈ പ്രക്ഷോഭം പെട്ടെന്ന് അവസാനിക്കേണ്ടതുണ്ട്, ജോഷി പറഞ്ഞു.
“ജനാധിപത്യം ഇരുകൂട്ടര്‍ക്കും അവസരം നല്‍കുന്നുണ്ട്. അവരവരുടെ ഭാഗത്ത് നിന്നുനോക്കുമ്പോള്‍ അവരിരുവരും ശരിയാണെന്നാണ് ഞാന്‍ കാണുന്നത്. ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങള്‍ പ്രക്ഷോഭകര്‍ പരിഗണിക്കണം. അവർക്കായി കൂടുതലായി എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരും ചിന്തിക്കണം. പ്രക്ഷോഭങ്ങള്‍ നടക്കും, അതവസാനിക്കുകയും ചെയ്യും. തങ്ങളുടെ ഇടവും സാധ്യതയും പരിഗണിച്ചു വേണം പ്രക്ഷോഭങ്ങള്‍ നടത്താന്‍. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുകയും വേണം, ”ജോഷി പറഞ്ഞു.
“പ്രക്ഷോഭം അവസാനിപ്പിക്കുന്ന തരത്തില്‍ രണ്ട് കൂട്ടര്‍ക്കും സ്വീകാര്യമായ ഒരു പോംവഴി കണ്ടെത്തേണ്ടതുണ്ട്. ദീര്‍ഘകാലമായി തുടരുന്ന പ്രക്ഷോഭങ്ങളൊന്നും ഗുണം ചെയ്യില്ല. പ്രക്ഷോഭത്തിനോട് ആര്‍ക്കും പ്രശ്നമൊന്നുമില്ല. പക്ഷെ ഒരുകൂട്ടര്‍ക്കും അനുയോജ്യമായ ഒരു നിലപാട് പരുവപ്പെടേണ്ടതുണ്ട്. ഒരു പ്രക്ഷോഭം അതില്‍ പങ്കാളികളായവരെ മാത്രമല്ല ബാധിക്കുന്നത്. പകരം സമൂഹത്തെയാകെ അത് നേരിട്ടും അല്ലാതെയും ബാധിക്കും. അതുകൊണ്ട് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒരുനിലപാടിലേക്ക് എത്രയും വേഗം എത്തേണ്ടതുണ്ട്”, ജോഷി കൂട്ടിച്ചേര്‍ത്തു.
ഒരു ചര്‍ച്ച നടക്കുമ്പോള്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്നുള്ള നിലപാട് പാടില്ല. ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ തുടര്‍ച്ചയായി പറയുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക തയ്യാറുള്ളൂ എന്നാണ് കര്‍ഷക നിലപാട്. ഇത്തരമൊരു രീതിയില്‍ ചര്ച്ചയെങ്ങനെയാണ് സംഭവ്യമാകുകയെന്നും ജോഷി ചോദിക്കുന്നു.
പ്രക്ഷോഭത്തിന് ഒരു വിഭാഗീയ നിറം നല്‍കാനുള്ള ശ്രമമുണ്ട്. പ്രക്ഷോഭത്തിന് ആ രീതിയില്‍ നിറം നല്‍കുന്നത് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “വികാരം കണക്കിലെടുത്ത് വിഷയം പരിഹരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു..അതേസമയം ഒരു രാജ്യത്തും ഇതുപോലുള്ള ഒരു നിയമം റദ്ദാക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല… പ്രക്ഷോഭത്തെ വിഭാഗീയമായി വളച്ചൊടിക്കാന്‍ ശ്രമമുണ്ട്”, ജോഷി പറഞ്ഞു.
ഖാലിസ്താനികളെന്നും മാവോയിസ്റ്റുകളെന്നും ചിലര്‍ ആരോപണം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ അത്തരത്തിലുള്ള ആരോപണങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല.
രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് കര്‍ഷക സമരത്തിന് യാതൊരുവിധ പിന്തുണയും ലഭിക്കുന്നില്ലെന്നും ഗുജറാത്തിലെയും മധ്യപ്രദേശിലെയും കര്‍ഷകര്‍ നിയമത്തിനനുകൂലമാണെന്നും ജോഷി പറഞ്ഞു.