കരുത്തുകൂട്ടി അങ്കത്തിന് കോണ്‍ഗ്രസ്; കെ സുധാകരന് കെപിസിസി അദ്ധ്യക്ഷനാകുമെന്ന് സൂചന, തീരുമാനം ഉടനുണ്ടായേക്കും
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കെ.സുധാകരന് എം.പിയെ താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്റ് ആലോചന. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെയാകും സുധാകരനെ അദ്ധ്യക്ഷനായി പ്രഖ്യാപിക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ സുധാകരന് ഉണ്ടെന്നാണ് വിവരം. സുധാകരന്റെ നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വേകുമെന്നും ഇത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.അദ്ധ്യക്ഷ സ്ഥാനത്തെത്താന്‍ താന്‍ തയ്യാറാണെന്ന് ഇതിനകം സുധാകരന് വ്യക്തമാക്കിയതാണ്. തദ്ദേശ തിരഞ്ഞെടുപ്പോടെ വ്യക്തമായ സംഘടനാപരമായി പാര്‍ട്ടി നിലവില്‍ നേരിടുന്ന തിരിച്ചടികള്‍ ഇതിലൂടെ മറികടക്കാനാകുമെന്നാണ് ഹൈക്കമാന്റ് കണക്കുകൂട്ടുന്നത്.