ഭീഷണിപ്പെടുത്തുന്ന പ്രകൃതം കെ.കുഞ്ഞിരാമനില്ല, കള്ളവോട്ട് ആരോപണത്തില്‍ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവന്തപുരം:ആലക്കോട് പഞ്ചായത്തിലെ ചെര്‍ക്കപ്പാറ ജി.എല്‍.പി സ്കൂളിലെ പ്രിസൈഡിങ് ഓഫിസറായ ശ്രീകുമാറിനെ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന് ഭീഷണിപ്പെടുത്തിയെന്ന ആരോപണണത്തില്‍ എം.എല്‍.എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ല കുഞ്ഞിരാമനെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം.എല്‍.എ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് നല്കിയ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കള്ളവോട്ട് നടന്നുവെന്ന പ്രചാരണം മറ്റെന്തോ ഉദ്ദേശം വച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും, എം.എല്‍.എ ഭീഷണിപ്പെടുത്തി എന്നത് സംബന്ധിച്ച് യാതൊരു പരാതിയും പൊലീസിന് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. എന്നാല്‍ പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രിസൈഡിങ് ഓഫിസറെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ.കുഞ്ഞിരാമന് എംഎല്‍എ പറഞ്ഞു. ബൂത്തിലെത്തിയത് വോട്ട് ചെയ്യനാണ്. തര്‍ക്കം തീര്‍ക്കാനായിരുന്നു ശ്രമമെന്നും എം.എല്‍.എ വിശദീകരിച്ചു.