മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന’ഓപറേഷന് സ്ക്രീന്‍’ആദ്യ ദിനം ജില്ലയില്‍ 104 പേര് കുടുങ്ങി.
കാസര്‍കോട്:വാഹനങ്ങളിലെ കൂളിംഗ് ഫിലിം ,കർട്ടൻ എന്നിവ പാടില്ല എന്ന ബഹുമാനപ്പെട്ട കോടതികളുടെ ഉത്തരവുകൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന “ഓപറേഷൻ സ്ക്രീൻ ” പരിശോധനയിൽ ജില്ലയിൽ 104 വാഹനങ്ങൾക്കെതിരെ കേസെടുത്തു. കാസറഗോഡ് ആർ ടി ഒ എ കെ രാധാകൃഷ്ണൻ, എൻഫോർസ്മെൻ്റ് ആർ ടി ഒ ടി.എം ജേർസൺ എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ജോയിൻ്റ് ആർ ടി ഒ മാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധനയിൽ പങ്കെടുത്തു. കൂടാതെ നിയമലംഘനങ്ങളുടെ ഫോട്ടോ എടുത്ത് ഇ ചലാൻ വഴിയും കേസെടുത്തു. ഇ ചലാൻ സന്ദേശം ലഭിച്ച വാഹന ഉടമകൾ കൂളിംഗ് ഫിലിം / കർട്ടൺ നീക്കം ചെയ്ത് പരിശോധനക്ക് ഹാജരാക്കി ഓൺലൈൻ വഴി പിഴ അടക്കേണ്ടതാണ്. നീക്കം ചെയ്യാൻ വിസമ്മതിക്കുന്ന വാഹനങ്ങളുടെ റെജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നതാണ്. ഏതെങ്കിലും സർക്കാർ / അർദ്ധ സർക്കാർ വാഹനങ്ങൾ, ജനപ്രതിനിധികളുടെ വാഹനങ്ങൾ എന്നിവയിൽ ഇത്തരം ഫിലിമുകളോ, കർട്ടനുകളോ ഉണ്ടെങ്കിൽ നീക്കം ചെയ്യണമെന്നും കർശന പരിശോധന ഇനിയുള്ള രണ്ടാഴ്ചകളിൽ തുടരുമെന്നും ആർടിഒ മാർ അറിയിച്ചു.