കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖലയുടെ മികവായി മലയോരത്ത് നിന്നും ഒരു കൊച്ചു മിടുക്കി സിനാഷ6 നോവലുകള്‍ ഒന്നിച്ച് പ്രസിദ്ധീകരിച്ച് 13 വയസില്‍ 12 നോവലുകള്‍
സിനാഷ: കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖലയുടെ മികവായി മലയോരത്ത് നിന്നും ഒരു കൊച്ചു മിടുക്കി 13 വയസ്സിനിടയിൽ ഇംഗ്ളീഷിലും മലയാളത്തിലുമായി എഴുതിയത് ആറ് നോവലുകൾ
കാസർകോട്: കാസർകോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി
സിനാഷയുടെ ആറു നോവലുകള്‍ കോഴിക്കോട് ഇന്‍സൈറ്റ് പബ്ലിക്ക ഒന്നിച്ചു പ്രസിദ്ധീകരിച്ചിരിക്കുന്നു.
മൂന്നു മലയാളവും മൂന്ന് ഇംഗ്ലീഷും. ഒരു തളിരിലയും ഒരു തുള്ളി നിലാവും, പൂവണിയുന്ന ഇലച്ചാര്‍ത്തുകള്‍, കടലിന്റെ രഹസ്യം എന്നീ മലയാളം നോവലുകളും A Girl and the Tigers, Mysterious Forest, Song of the River എന്നീ ഇംഗ്ലീഷ് നോവലുകളും.
ഒന്നാം ക്ലാസ്സുമുതൽ പൊതുവിദ്യാലയത്തിൽ മലയാളം മീഡിയത്തിലാണ് സിനാഷ പഠിക്കുന്നത്.
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എഴുതിയ Mysterious Forest, Song of the River എന്നിവ 2019 ൽ കാസർഗോഡുനിന്നു പ്രസിദ്ധീകരിച്ചിരുന്നു. അവയുടെ ഇന്‍സൈറ്റ് പതിപ്പാണ് ഇപ്പോള്‍ വരുന്നത്. മറ്റുള്ളവ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോൾ എഴുതിയതാണ്. നോവൽ ചിത്രീകരണവും കവര്ച്ചിത്രങ്ങളുമെല്ലാം സിനാഷ തന്നെ വരച്ചതാണ് എന്ന പ്രത്യേകതയുമുണ്ട്. ഒരു മുൻനിര പ്രസാധകർ പൊതുവിദ്യാലയത്തിലെ കുട്ടിയുടെ ആറു പുസ്തകങ്ങൾ ഒന്നിച്ച് പുറത്തിറക്കുന്നത് ആദ്യമായിട്ടായിരിക്കും. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോവലെഴുത്തുകാരിയും സിനാഷയായിരിക്കും.
ഭാവനാസമൃദ്ധമായ കഥാലോകം അയത്നലളിതമായി കാവ്യാത്മക ഭാഷയിൽ വരച്ചിടുന്നതാണു സിനാഷയുടെ രചനകൾ. പന്ത്രണ്ടാം വയസ്സിൽ തന്നെ നോവലിൻ്റെ സങ്കീർണമായ ശിൽപതന്ത്രം പാളിപ്പോകാതെ ആവിഷ്കരിക്കാൻ സിനാഷയ്ക്കു കഴിയുന്നു എന്നതു ശ്രദ്ധേയമാണ്. വിദ്യാഭ്യാസ പ്രവർത്തകരും സാഹിത്യ തൽപരരും ഈ കൃതികൾ ശ്രദ്ധിക്കേണ്ടതിനു നിരവധി കാരണങ്ങളുണ്ട്.
ഒന്നാം ക്ലാസ്സുമുതൽ സർക്കാർ വിദ്യാലയത്തിൽ മലയാളം മീഡിയത്തിൽ പഠിച്ചു കൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലും സാഹിത്യ രചന നടത്തുന്നതിൽ പ്രാവീണ്യം നേടാൻ കുട്ടികൾക്കു കഴിയുമെന്നതിൻ്റെ തെളിവാണിത്. ഇംഗ്ലീഷു പഠിക്കാൻ ഇംഗ്ലീഷ്മീഡിയം സ്കൂളിൽ തന്നെ പോകണമെന്ന പൊതുബോധത്തെ സിനാഷ തിരുത്തുന്നു. തീർച്ചയായും കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൻ്റെ മികവായി ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണം തന്നെയാണിത്.
ആറാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലും പഠിക്കുമ്പോൾ എഴുതിയത് മറ്റു കുട്ടികൾക്കും പ്രചോദനകരമാണ്. അതിനാൽ ഓരോ സ്കൂൾ ലൈബ്രറിയിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട പുസ്തകമായി സിനാഷയുടെ രചനകൾ മാറുന്നു.
കുട്ടികൾ എഴുതുന്ന കുട്ടികളുടെ സാഹിത്യം എന്നത് സർഗാത്മക സാഹിത്യത്തിലെ ശക്തമായ ഭാഗമാണെന്നും അതിനെ വെറും കുട്ടിയെഴുത്തായി കാണാതെ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്നും ഈ രചനകൾ സാക്ഷ്യപ്പെടുത്തുന്നു.
വായനയിൽ താൽപര്യമുള്ള ഏതൊരാളെയും നിരാശപ്പെടുത്താതെ ഹൃദ്യമായ വായനാനുഭവം നൽകാൻ സിനാഷയുടെ രചനകൾക്കു കഴിയുന്നുണ്ട്.
കുഞ്ഞുന്നാളുകളിൽ അമ്മയുമച്ഛനും വായിച്ചും പറഞ്ഞും കൊടുത്ത കഥകളായിരിക്കണം സിനാഷയുടെ ഭാവനാലോകത്തിനു വളക്കൂറായത്. സ്കൂളിൽ നിന്നും സർഗ്ഗാത്മക രചനയ്ക്കു കിട്ടുന്ന അവസരങ്ങൾ സിനാഷയിലെ എഴുത്തുകാരിക്കു പ്രോത്സാഹനമായി മാറി. കലോത്സവങ്ങളിലും മേളകളിലും സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാന ക്യാമ്പിലേക്ക് ജില്ലയിൽ നിന്നും സിനാഷ തെരഞ്ഞെടുക്കപ്പെട്ടു. ആറാം ക്ലാസ്സിൽ എത്തുമ്പോഴേക്കും ഇംഗ്ലീഷിലും എഴുതാൻ കഴിയും എന്ന ആത്മവിശ്വാസം സിനാഷ നേടി. ആദ്യമായി നോവൽ എഴുതിയത് ഇംഗ്ലീഷിലാണ് .
മൂന്നാം ക്ലാസ്സുമുതൽ ഒരു ദിവസം പോലും മുടങ്ങാതെ ഡയറിക്കുറിപ്പുകൾ എഴുതുന്ന സിനാഷയുടെ പക്കൽ വായനാക്കുറിപ്പുകൾ, സിനിമാക്കുറിപ്പുകൾ, യാത്രാ വിവരണം, അനുഭവക്കുറിപ്പുകൾ തുടങ്ങിയവയുടെ വലിയൊരു ശേഖരം തന്നെയുണ്ട്. ചിത്രരചന ഔപചാരികമായി പഠിച്ചിട്ടില്ലെങ്കിലും സ്വയം സ്വായത്തമാക്കിയ ശൈലിയിൽ ഇഷ്ടമുള്ളതെല്ലാം വരച്ചിടുന്ന സിനാഷയുടെ പക്കൽ ധാരാളം പെയിൻ്റിംഗുകളുമുണ്ട്.
എഴുത്തിനെയും വായനയെയും ഇഷ്ടപ്പെടുന്ന സിനാഷയ്ക്കു വായനയാണു ജീവവായു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് മാത്രം ഇരുനൂറ്റമ്പതോളം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ചെറുതും വലുതുമായി അറുനൂറിലധികം പുസ്തകങ്ങൾ ഇതിനകം വായിച്ചു കഴിഞ്ഞു. ബാലസാഹിത്യ വായനയിൽനിന്നും ഗൗരവമായ വായനയിലേക്കു സിനാഷ കടന്നിരിക്കുന്നു. പാവങ്ങൾ, War and Peace, Shuggie Bain, അമ്മ, ഒരു ദേശത്തിൻ്റെ കഥ, ഒരു തെരുവിൻ്റെ കഥ, ആതി, അലാഹയുടെ പെൺമക്കൾ, ഉഷ്ണരാശി, ഹാരി പോട്ടർ, നാലുകെട്ട്, ആടുജീവിതം, ചെഗുവേരയുടെ പുസ്തകങ്ങൾ എന്നിവയെല്ലാം വായിച്ചവയിൽ പെടുന്നു.
മലയാളത്തിലും ഇംഗ്ലീഷിലുമായി സിനാഷ പന്ത്രണ്ടു നോവലുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അതിൽ ആറെണ്ണമാണ് പ്രസിദ്ധീകരിച്ചത്. A lion and His friends, Red and Pink, Terminalia Paniculata, Twenty Fifth step, എന്നീ ഇംഗ്ലീഷ് നോവലുകളും കാടും കനവും പച്ച നിറമുള്ളവൾ, എന്നീ മലയാളം നോവലുകളും അച്ചടിക്കാനുണ്ട്.
നാലെണ്ണം ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നു. രണ്ട് ഇംഗ്ലീഷും രണ്ടു മലയാളവും. കഴിഞ്ഞ വർഷത്തെ യു എസ് എസ് സ്കോളർഷിപ്പ് വിജയി കൂടിയാണ് സിനാഷ.പടുപ്പ് ശങ്കരംപാടി സ്വദേശിയും അധ്യാപകനുമായ ശ്രീകുമാർ എ യുടെയും സ്മിതയുടെയും മകളാണ് കാസറഗോഡ് മായിപ്പാടിയിൽ ആണ് ഇപ്പൊ താമസം.