ന്യൂഡല്‍ഹി; കോവിഡ് 19 വാക്സിന് എടുത്ത 51 പേരില്‍ ചെറിയതോതിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് അറിയിച്ചു. ഇതില്‍ ഒരാളുടെ നില അല്‍പ്പം ഗുരുതരമാണ്. ഇയാളെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായും മന്ത്രി അറിയിച്ചു.
‘ഇന്നലെ വാക്സിന് എടുത്തതില്‍ 51 പേര്‍ക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഒരാളുടെ നില അല്‍പ്പം ഗുരുതരമാണ്. ഇയാളെ ഇന്നലെ രാത്രി എയിംസില്‍ പ്രവേശിപ്പിച്ചു. ‘- ജെയിന് ANI യോട് പറഞ്ഞു. ഡല്‍ഹിയില്‍ ഒരു കേസ് മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്, ബാക്കി 51 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. കുറച്ചു കാലത്തേക്ക് മാത്രം ഇവരെ നിരീക്ഷിക്കേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
–
എയിംസില്‍ പ്രവേശിപ്പിച്ച രോഗി ആശുപത്രിയില്‍ ജോലി ചെയ്യുന്ന 22 കാരനായ സെക്യൂരിറ്റി ഗാര്‍ഡാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ രാത്രി വരെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹി നഗരത്തിലുടനീളമുള്ള 81 കേന്ദ്രങ്ങളില്‍ വാക്സിനേഷന് ഡ്രൈവ് നടത്തി. മൊത്തം 4,319 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യദിനം കുത്തിവയ്പ് നല്‍കിയത്.
–
രാജ്യത്തൊട്ടാകെ, 3,351 കേന്ദ്രങ്ങളിലായി നടന്ന വാക്സിനേഷന് ഡ്രൈവിന്റെ ആദ്യ ദിവസം 1.91 ലക്ഷം പേര്‍ക്ക് കുത്തിവയ്പ് നല്കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച ഓക്സ്ഫോര്‍ഡിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നിവയുടെ ഡോസുകളാണ് കുത്തിവെയ്കുകന്നത്. വാക്സിനേഷന് ശേഷം ആശുപത്രിയില്‍ പ്രവേശിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി പറഞ്ഞു.