റവന്യൂ ഭൂമി കൈമാറ്റം പൂര്‍ത്തിയാവാത്തതിനാലാണ് കുറ്റിക്കോല്‍ 110 കെ വി സബ് സ്റ്റേഷന് നിര്‍മ്മാണം തുടങ്ങാന്‍ വൈകുന്നതെന്ന് മന്ത്രി എം എം മണി
▪️ നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടുമാസത്തിനകം നിര്‍മ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രാരംഭ സര്‍വ്വേ ജോലികള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി
പൊയിനാച്ചി: റവന്യൂ ഭൂമി കൈമാറ്റം പൂര്‍ത്തിയാവാത്തതിനാലാണ് കുറ്റിക്കോല്‍ 110 കെ വി സബ്സ്റ്റേഷന് നിര്‍മ്മാണം തുടങ്ങാന്‍ വൈകുന്നതെന്ന് മന്ത്രി എം എം മണി നിയമസഭയില്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടുമാസത്തിനകം നിര്‍മ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രവൃത്തിയുടെ മുന്നോടിയായി പ്രാരംഭ സര്‍വ്വേ ജോലികള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരി 27ന് ആണ് സബ് സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം നടന്നത്. ഒരു വര്‍ഷമാകാറായിട്ടും പ്രവൃത്തി തുടങ്ങാത്ത കാര്യം കെ കുഞ്ഞിരാമന് എംഎല്‍എ ആണ് ഉന്നയിച്ചത്. ബേഡഡുക്ക വില്ലേജിലെ വലിയ പാറയിലാണ് സബ് സ്റ്റേഷന് വരുന്നത്. ഇവിടെ ആര് എസ് നമ്പര്‍ 396/1 പാര്‍ട്ടില്‍ പെട്ട മൂന്നേക്കര്‍ റവന്യൂ ഭൂമി കെഎസ്ഇബിക്ക് പാട്ടത്തിന് നല്കാന് 2020 ഓഗസ്റ്റിലാണ് ഉത്തരവിറങ്ങിയത്.