വാക്സിനേഷൻ ഇന്ന്; നൽകുന്നത് 0.5 എംഎൽ കോവീഷീൽഡ്
തിരുവനന്തപുരം :സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ്- വാക്സിൻ കുത്തിവയ്പ് ശനിയാഴ്ച നടക്കും. 133 കേന്ദ്രത്തിലാണ് വാക്സിനേഷൻ. 4,33,500 ഡോസ് വാക്സിനാണ് ലഭിച്ചത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രവും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതം കേന്ദ്രവും ഉണ്ടാകും. ബാക്കി ജില്ലകളിൽ ഒമ്പത് വീതവും. ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെയും വിഭാഗങ്ങളുടെയും അന്താരാഷ്ട്ര ഏജൻസികളായ ലോകാരോഗ്യ സംഘടന, യൂണിസെഫ്, യുഎൻഡിപി തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷൻ.
ആദ്യ ദിവസം ഒരു കേന്ദ്രത്തിൽനിന്ന് 100 പേർക്കാണ് വാക്സിൻ നൽകുന്നത്. രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയാണ് വാക്സിനേഷൻ. രജിസ്റ്റർ ചെയ്ത ആളിന് എവിടെയാണ് വാക്സിൻ എടുക്കാൻ പോകേണ്ടതെന്ന് എസ്എംഎസ് ലഭിക്കും. വാക്സിൻ നൽകാൻ ഒരാൾക്ക് നാലു മിനിറ്റ് മുതൽ അഞ്ചു മിനിറ്റ് വരെ എടുക്കും.
വാക്സിൻ എടുത്തുകഴിഞ്ഞാൽ 30 മിനിറ്റ് നിരീക്ഷണം നിർബന്ധമാണ്. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രത്തിലും എഇഎഫ്ഐ (രോഗപ്രതിരോധത്തെ തുടർന്നുള്ള പ്രതികൂല സംഭവങ്ങൾ) കിറ്റ് ഉണ്ടാകും. ചെറുതും വലുതുമായ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള നടപടികൾ അപ്പോൾ തന്നെ സ്വീകരിക്കണമെന്നതിനാലാണ് നിരീക്ഷണം.വാക്സിനേഷൻ നടക്കുന്ന എല്ലാ കേന്ദ്രത്തിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി.