ബജറ്റില്‍ കാസര്‍കോട് വികസന പാക്കേജിന് 125 കോടി
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ തസ്തികകള്‍
കാസര്‍കോട് കെ എസ് ഐ ഡി സി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്
കാസർകോട് : സംസ്ഥാനത്തിന്റെ സമഗ്ര മേഖലകളെയും സ്പര്‍ശിക്കുന്ന ബജറ്റില്‍ കാസര്‍കോടിനും കരുതല്‍. ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് രൂപീകരിച്ച കാസര്‍കോട് വികസന പാക്കേജിന് 2021-22 വര്‍ഷം 125 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 75 കോടിയായിരുന്നു കാസര്‍കോട് വികസന പാക്കേജിന് അനുവദിച്ചത്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിച്ചതിനൊപ്പം പുതിയതായി അനുവദിച്ച 4000 തസ്തികളില്‍ പ്രഥമ മുന്‍ഗണന കാസര്‍കോട് മെഡിക്കല്‍ കോളേജിന് നല്‍കുമെന്നും ബജറ്റില്‍ എടുത്തു പറയുന്നു.
ബജറ്റില്‍ കാസര്‍കോട് ജില്ലയുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
മൂന്നു പ്രധാന വ്യവസായ ഇടനാഴികളാണ് ബഡ്ജറ്റില്‍ പറയുന്നത്. അതില്‍ ഒന്നാണ് മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴി. ഇതിന് പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
പ്രധാന വികസന ഏജന്‍സികളായ കെ എസ് ഐ ഡി സിയ്ക്കും കിന്‍ഫ്രയ്ക്കും 401 കോടി അനുവദിച്ചു. കാസര്‍കോട് കെ എസ് ഐ ഡി സി ഇന്‍ഡസ്ട്രീയല്‍ പാര്‍ക്ക് വ്യവസായ മേഖലയ്ക്ക് വലിയ നേട്ടമാകും.
കാസര്‍കോട് എയര്‍സ്ട്രിപ്പിന്റെ ഡി പി ആര് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും കാസര്‍കോട് കൂടാതെ ശബരിമല, ഇടുക്കി, വയനാട് എയര്‍സ്ട്രിപ്പുകള്‍ക്കുമായി ഒമ്പത് കോടി രൂപ വകയിരുത്തിയതായും ബജറ്റില്‍ പറയുന്നു.
ദേശീയ പാത എന്‍ എച്ച് 66, മലയോര ഹൈവയുടെ റീച്ചുകളുടെ പൂര്‍ത്തീകരണത്തിനും ബജറ്റ് ഊന്നല്‍ നല്കുന്നു.
തീരദേശ മേഖലയ്ക്കായുള്ള 5000 കോടി രൂപയുടെ പാക്കേജും നിലവിലുള്ള ടൂറിസം ഡെസ്റ്റിനേഷനുകളുടെ പശ്ചാത്തല സൗകര്യവികസനത്തിനായി 117 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചതും പ്രവാസി തൊഴില്‍ പദ്ധതിയ്ക്കായി 100 കോടി വകയിരുത്തിയതും ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും മത്സ്യ കൃഷിയ്ക്കും 92 കോടി പ്രഖ്യാപിച്ചതും ജില്ലയ്ക്ക് ഗുണം ചെയ്യും.