കളനാട്ടെ വെയിറ്റിംഗ് ഷെഡിന് കറുത്ത ചായം പൂശിയ ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍
മേല്‍പ്പറമ്പ്: കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്റഹ്മാന് ഔഫിന്റെ സ്മരണക്കായി താഴെ കളനാട്ട് നിര്‍മിച്ച ബസ് വെയ്റ്റിംഗ് ഷെഡിന് കറുത്ത ചായം പൂശിയ സംഭവത്തിൽ ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. താഴെ കളനാട്ടെ ചന്ദ്രനെ(30)യാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കളനാട് ജുമാമസ്ജിദിന് സമീപം താഴെ കളനാട് റോഡരികില്‍ ഔഫിന്റെ സ്മരണക്കായി നിര്‍മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് കെ. കുഞ്ഞിരാമന് എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ബസ് ഷെഡിന് കറുത്ത പെയിന്റടിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. ഔഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായതിനാല്‍ ബസ് വെയിറ്റിംഗ് ഷെഡ് വികൃതമാക്കിയതിന് പിന്നിലും മുസ്ലിംലീഗാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. സംഭവം സംബന്ധിച്ച് ബി.എസ് വൈശാഖിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യഥാര്‍ഥ പ്രതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. കളനാട് ഭാഗത്ത് സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി പ്രവര്‍ത്തകനായ ചന്ദ്രന് ബസ് വെയിറ്റിംഗ് ഷെഡില്‍ കറുത്ത പെയിന്റടിച്ചതെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.