കാഞ്ഞങ്ങാട്: ദീനക്കിടക്കയിൽ വീണുപോയ അശരണർക്ക് സാന്ത്വനവുമായി നഗരസഭാചെയർമാൻ കെ വി സുജാത. പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായാണ് വൈസ്ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ സി ജാനകിക്കുട്ടി എന്നിവരോടൊപ്പം ചെയർമാൻ നഗരസഭയിലെ വീടുകളിലെത്തിയത്. നിത്യരോഗികളായി വീട്ടകങ്ങളിൽ ഒതുങ്ങിപ്പോയവർക്ക് നഗരസഭയുടെ പാലിയേറ്റീവ് പരിചരണം വലിയ ആശ്വാസമാണ് പകരുന്നത്. ചികിത്സയും മരുന്നും നൽകുന്നതിനു പുറമെ ശുചിത്വ പരിപാലനവും പാലിയേറ്റീവ് പരിചരണത്തിന്റെ ഭാഗമാണ്. രോഗിയെ പരിചരിക്കുന്നവരെ ബോധവൽക്കരിക്കാനും സന്ദർശനം ഉപകരിക്കുന്നു. ശുശ്രൂഷിക്കുന്നവർക്കും പാലിയേറ്റീവ് പ്രവർത്തകരുടെ സന്ദർശനം ഏറെ പ്രത്യാശ പകരുന്നു. വർഷത്തിലൊരു ദിവസത്തെ ദിനമെന്ന നിലയിലല്ല പാലിയേറ്റീവ് പരിചരണം ത്രിതല പഞ്ചായത്ത് ഭരണ സമിതികൾ കാണുന്നത്. സന്നദ്ധപ്രവർത്തകരുടെയും സാമൂഹ്യ﹣-സാംസ്കാരിക സംഘടനകളുടെയും സഹായത്തോടെ വിപുലമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. രോഗികൾക്ക് വസ്ത്രങ്ങളും ഭക്ഷണക്കിറ്റുകളും ശയ്യോപകരണങ്ങളുമെല്ലാം പാലിയേറ്റീവ് കെയർ പ്രവർത്തകർ എത്തിക്കുന്നുണ്ട്. പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ പാലിയേറ്റീവ്പാ പരിചരണം നടത്തുന്നതിനായി പരിശീലനം സിദ്ധിച്ച നേഴ്സുമാർ പ്രവർത്തിക്കുന്നു. അവരെ സഹായിക്കുന്നതിന് ജനകീയ കമ്മിറ്റികളുമുണ്ട്. വിദേശത്തും സ്വദേശത്തുമുള്ള ധാരാളം ആളുകൾ സാന്ത്വന പരിശനരപ്രവർത്തനങ്ങളെ സഹായിക്കാൻ മുന്നോട്ടു വരുന്നു. നഗരസഭാചെയർമാൻ കെ വി സുജാതയും സഹപ്രവർത്തകരും ബല്ലത്ത് മലയാക്കോത്ത് സുരേശൻ﹣- സരിത ദമ്പതികളുടെ വീട്ടിലേക്കാണ് ആദ്യമെത്തിയത്. ഭിന്നശേഷിക്കാരിയായ ഏകമകൾ സ്നേഹ മോൾക്ക് ഭക്ഷണക്കിറ്റും സാമ്പത്തിക സഹായവും നൽകി.മുഴുവൻ വാർഡുകളിലും പാലിയേറ്റീവ് പരിചരണപ്രവർത്തനങ്ങൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്നു.