നാദാപുരം: പേരോട് ഭര്തൃവീട്ടിനുമുന്നില് യുവതിയും മക്കളും നടത്തുന്ന സമരം അനുരഞ്ജന ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. പറമ്പത്ത് ഷാഫിയുടെ ഭാര്യ ഷഫീനയാണ് 10ഉം ആറും വയസ്സുള്ള രണ്ടു മക്കളുമായി വീട് തുറന്നുകിട്ടാന്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. രാത്രിയോടെ ഇവര്‍ സ്വയം വീട് തുറന്ന് അകത്ത് കയറി.
ഉയരംപോരെന്ന് പറഞ്ഞ് തന്നെ മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നാണ് ഷഫീനയുടെ പരാതി. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് യുവതിയും കുടുംബവും പേരോട് വീട്ടിലെത്തിയത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. വീടിന്റെ താക്കോല്‍ നല്കാന് ഭര്‍തൃവീട്ടുകാര്‍ തയ്യാറായതുമില്ല. ഇതേത്തുടര്‍ന്ന് വാക്കേറ്റമുടലെടുത്തു. ഇതിനിടെ നാദാപുരം പൊലീസും തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്? പി. ഷാഹിനയും വാര്‍ഡ് മെമ്പര്‍ റെജുല നിടുമ്പ്രത്തും സ്ഥലത്തെത്തി.
വിഷയം ക്രമ സമാധാന പ്രശ്നത്തിലേക്ക് നീങ്ങിയതോടെ നാദാപുരം സി.ഐ എന്‍. സുനില്‍ കുമാര്‍ ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ചുവരുത്തി. യുവതിയെയും കുട്ടികളെയും വീട്ടില്‍ കയറ്റി പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന നിര്‍ദേശം ഭര്‍തൃവീട്ടുകാര്‍ അംഗീകരിച്ചില്ലെന്ന് സി.ഐ പറഞ്ഞു. ഒരാഴ്ച വീട്ടില്‍നിന്ന് യുവതിയും മക്കളും മാറിനില്‍ക്കണമെന്നും വിദേശത്തുള്ള ഭര്‍ത്താവ് സ്ഥലത്തെത്തിയാല്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നുമുള്ള നിലപാടാണ് ഭര്‍തൃവീട്ടുകാര്‍ സ്വീകരിച്ചത്. യുവതിക്കും കുട്ടികള്‍ക്കും പൊലീസ് സംരക്ഷണം നല്‍കുമെന്നും സി.ഐ പറഞ്ഞു.