മൂന്ന് മണിക്കൂർ പതിനെട്ട് മിനിട്ട്, നിയമസഭ ചരിത്രത്തിലെ ദൈർഘ്യമേറിയ ബഡ്ജറ്റ് അവതരിപ്പിച്ച് തോമസ് ഐസക്ക്
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കവേ പിണറായി സർക്കാരിന്റെ അവസാനത്തെ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി ഒരു റിക്കോഡും സ്വന്തം പേരിലാക്കി. നിയമസഭ ചരിത്രത്തിലെ ദൈർഘ്യമേറിയ ബഡ്ജറ്റ് അവതരണമെന്ന ഖ്യാദിയാണ് അദ്ദേഹം സ്വന്തമാക്കിയത്. മൂന്ന് മണിക്കൂർ 18 മിനിട്ട് നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ ബഡ്ജറ്റ് അവതരണം. ഇത്രയും സമയമെടുത്തിട്ടും ഐസക്കിന് ബഡ്ജറ്റ് പൂർണമായും വായിക്കാനായില്ല. ഇന്ന് വെള്ളിയാഴ്ചയാണെന്നും പന്ത്രണ്ടരയ്ക്ക് മുൻപായി ബഡ്ജറ്റ് അവതരണം നിർത്തണമെന്നും സ്പീക്കർ ധനമന്ത്രിയെ ഓർമ്മിപ്പിച്ചതോടെ പ്രസ്കത ഭാഗങ്ങൾ മാത്രം വായിച്ച് അവതരണം ധനമന്ത്രി ചുരുക്കുകയായിരുന്നു. രണ്ട് മണിക്കൂർ 54 മിനിട്ടായിരുന്നു ഇതിന് മുൻപ് നിയമസഭ ചരിത്രത്തിലെ ദൈർഘ്യമേറിയ ബഡ്ജറ്റ് അവതരണം. 2016ൽ കെ എം മാണി തയ്യാറാക്കിയ ബഡ്ജറ്റായിരുന്നു ഇത്. എന്നാൽ മന്ത്രിയുടെ അഭാവത്തിൽ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.