സ്റ്റാർട്ടപ്പ് ഇന്നവേഷൻ സോണുകളുമായി ധനമന്ത്രി; ലക്ഷ്യം വികസനം
തിരുവനന്തപുരം: സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് സ്റ്റാർട്ടപ്പ് ഇന്നവേഷൻ സോണുകൾ തുടങ്ങാൻ ബഡ്ജറ്റ് പ്രഖ്യാപനം. മാൻഹോളുകളുടെ ശുചീകരണത്തിനായി ‘ബാന്റിക്യൂട്ട്’ റോബോട്ടിന് എൻജിനീയറിംഗ് വിദ്യാർത്ഥികൾ രൂപം നൽകിയതുപോലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വികസന പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇത്തരം സോണുകൾ. ഐ.ടിയോ മറ്റ് നൂതന സാങ്കേതിക വിദ്യകളുടെയോ സഹായം ഉപയോഗിക്കാൻ സ്റ്റാർട്ടപ്പ് ഇന്നവേഷൻ സോണുകൾ വഴി ലക്ഷ്യമിടുന്നതായി ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ‘മാൻഹോൾ’ ചിത്രത്തിനെ പരാമർശിച്ച് ശുചീകരണ മേഖലയിൽ യന്ത്രവൽക്കരണത്തിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞിരുന്നു. ഈ പ്രസംഗത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബാന്റിക്യൂട്ട് എൻജിനീയറിംഗ് വിദ്യാർത്ഥികൾ രൂപകൽപന ചെയ്തത്. വാട്ടർഅതോറിറ്റിയിൽ ഒരു സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തിൽ തയ്യാറാക്കിയ ഇന്നവേഷൻ സോൺ ഈ യന്ത്രത്തെ കൂടുതൽ മികവോടെ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കാരണമായി. യന്ത്രത്തിന് അന്തിമരൂപം നൽകാൻ കെഎസ്എഫ്ഇ വായ്പയും നൽകി. ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ക്യാമ്പസ് സ്റ്റാർട്ടപ്പായി ഇവരുടെ ജൻ റോബോട്ടിക്സ് കമ്പനി മാറി. ഇത്തരം കണ്ടെത്തലുകളെ ഉൽപാദനത്തിലേക്ക് സന്നിവേശിപ്പിക്കാനാണ് സ്റ്റാർട്ടപ്പ് ഇന്നവേഷൻ സോണുകൾ. ജൻ റോബോട്ടിക്സ് കമ്പനിയുടെ വിപണന മൂല്യം ഇന്ന് 200 കോടിയാണ്. ഈ മേഖലയിൽ ദേശീയ തലത്തിൽ കേരളം ടോപ് പെർഫോമറാണെന്ന് ധനമന്ത്രി അറിയിച്ചു. സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനത്തിന് ആറിനപരിപാടികളും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.