എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രതിസന്ധികളെ അവസരങ്ങളാക്കി ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയാക്കി ഉയര്‍ത്തി ; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങി
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് ആവോളം പ്രാധാന്യം നല്കി ധനമന്ത്രി തോമസ് ഐസക്ക്. ഏപ്രില്‍ മുതല്‍ ക്ഷേമ പെന്ഷന് 1600 രൂപയാക്കുമെന്നും 2021-22ല്‍ എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
അഞ്ചുവര്‍ഷത്തിനിടെ നേരിടേണ്ടി വന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയെന്ന് അവകാശപ്പെട്ട ഐസക്ക്, സര്‍ക്കാരിന്റെ ഓരോനേട്ടവും എണ്ണിപ്പറഞ്ഞു. ആരോഗ്യവകുപ്പില്‍ പുതുതായി 4000 തസ്തികകള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളെ ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക്ക് വിമര്‍ശിച്ചു. വിവിധ കാര്‍ഷികോത്പന്നങ്ങളുടെ സംഭരണവില വര്‍ധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. നാളികേരം(ക്വിന്റലിന്)-31 രൂപ, നെല്ല്(ക്വിന്റലിന്)-28 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. റബ്ബറിന്റെ താങ്ങുവില 170 രൂപയാക്കിയിട്ടുമുണ്ട്.
പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണു പ്രസംഗം ആരംഭിച്ചത്. തോല്ക്കാന് മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്. സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു.
കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നു. സിഎജി കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് അന്തിമ റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ സമരം ഐതിഹാസിക മുന്നേറ്റമായി മാറി. കര്‍ഷകര്‍ക്കു മുന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് അടിയറവ് പറയേണ്ടിവരും. തൊഴിലില്ലായ്മ വലിയ വെല്ലുവിളിയാണ്. 20 ലക്ഷംപേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ ജോലി. കംപ്യൂട്ടര്‍ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാല്‍ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാല്‍ മതിയാകും. 2021 ഫെബ്രുവരിയില്‍ റജിസ്ട്രേഷന് ആരംഭിക്കും.
* ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വര്‍ഷം 20,000പേര്‍ക്ക് അധികപഠന സൗകര്യം. 150 അധ്യാപക തസ്തിക സര്‍വകലാശാലകളില്‍ അധികമായി സൃഷ്ടിക്കും
* 2000 കോടിരൂപ കിഫ്ബിയിലൂടെ സര്‍വകലാശാലകള്‍ക്കായി ആകെ ചിലവഴിക്കും. കോളജുകളുടെ ക്ലാസ് മുറികള്‍ ഡിജിറ്റലൈസ് ചെയ്യും
* 2500 സ്റ്റാര്‍ട്ട് അപ്പുകള്‍ പുതുതായി ആരംഭിക്കും. 20,000 പേര്‍ക്ക് തൊഴില്‍
* ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ.പല്‍പ്പുവിന്റെ പേര് നല്‍കും
* 50,000 കോടി മുതല്‍ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വര്‍ഷം ആരംഭം
* റബര്‍ സംഭരിക്കുന്നതിന് അമുല്‍ മോഡല്‍ സഹകരണ സംഘം
* ടൂറിസം മേഖലയില്‍ സംരംഭകര്‍ക്കര്‍ക്ക് പലിശരഹിത വായ്പ. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോര്‍ഡ് രൂപീകരിക്കും
*റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി
* 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
* 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം സൃഷ്ടിക്കും
* എല്ലാവീട്ടിലും ഒരു ലാപ്ടോപ്പ് ഉറപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യം
* 3.5 ലക്ഷം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം. സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍
* സര്‍വകലാശാലകളുടെ പശ്ചാത്തല വികസനത്തിന് 2000 കോടി ലഭ്യമാക്കും. അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടി