തളങ്കര : മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി പുറത്താകാതെ 137 റണ്‍സ് എടുത്ത കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ റണ്‍സ് നേട്ടത്തോടൊപ്പം തന്നെ പേര് ഇന്ത്യന്‍ മുന്‍ നായകന് മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിന് സമാനമാണ് എന്നതും വലിയ ചര്‍ച്ചയായി. ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറികള്‍ നേടി ഒരു കാലഘട്ടത്തിന്റെ തന്നെ വിസ്മയമായി തീര്‍ന്ന മുഹമ്മദ് അസ്ഹറുദ്ദീനോടുള്ള ആരാധന മൂത്ത് മൂത്ത സഹോദരന് ഖമറുദ്ദീനാണ് ഏറ്റവും ഇളയ സഹോദരന് ഇതേ പേരിട്ടത്. തങ്ങളുടെ ഏറ്റവും ഇളയ കുട്ടിക്ക് അജ്മല്‍ എന്ന പേരിടാനായിരുന്നു മാതാപിതാക്കളായ ബി.കെ. മൊയ്തുവും നഫീസയും ആലോചിച്ചത്. എന്നാല്‍ ഈ സമയത്ത് ഗള്‍ഫിലായിരുന്ന ഖമറുദ്ദീന്, തന്റെ ഇളയ സഹോദരന് മുഹമ്മദ് അസ്ഹറുദ്ദീന് എന്ന പേരിടണമെന്ന ആഗ്രഹം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മുന്‍ ഇന്ത്യന്‍ നായകനായ മുഹമ്മദ് അസ്ഹറുദ്ദീന് ലോക ക്രിക്കറ്റില്‍ തന്നെ തിളങ്ങി നില്ക്കുന്ന സമയമായിരുന്നു അത്. അസ്ഹറുദ്ദീന്റെ ഉപ്പയും ഉമ്മയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇവര്‍ക്ക് എട്ട് ആണ്മക്കളാണ്. പെണ്മക്കളില്ല. മൂത്തത് ഖമറുദ്ദീന്, രണ്ടാമത്തേത് ഇരട്ട സഹോദരങ്ങളാണ് ഹസൈനും ഹുസൈനും. മുഹമ്മദലി, ഉനൈസ്, ജലീല്‍, സിറാജുദ്ദീന് എന്നിവരാണ് മറ്റു മക്കള്‍. അസ്ഹറുദ്ദീന്റെ അത്യുജ്വല പ്രകടനത്തില്‍ വലിയ സന്തോഷമുണ്ടെന്നും അതിലുപരി മുഷ്താഖ് അലി ട്രോഫിയില്‍ കേരളം വിജയിച്ചതിലുള്ള സന്തോഷമാണ് തങ്ങള്‍ക്ക് വലുതെന്നും ഖമറുദ്ദീന് പറഞ്ഞു. തളങ്കര കടവത്തെ അസ്ഹറുദ്ദീന്റെ വീടിന് ഒറ്റ രാത്രി കൊണ്ട് വി.ഐ.പി. പരിഗണന വന്നിരിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ ചാനല്‍ പ്രവര്‍ത്തകര്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഒഴുക്കാണ് തളങ്കരയിലെ ‘അസ്ഹറുദ്ദീന്’ എന്ന പേരുള്ള വീട്ടിലേക്ക്.