രേഷ്മ എവിടെ പോയി ? പതിനൊന്ന് വര്‍ഷം മുമ്പ് കാണാതായ മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വേദനയോടെ അലയുകയാണ് തായന്നൂര്‍ സര്‍ക്കാരി മൊയോലത്തെ എം.സി.രാമന്.
കാഞ്ഞങ്ങാട്:പതിനൊന്ന് വർഷം മുമ്പ് കാണാതായ മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വേദനയോടെ അലയുകയാണ് തായന്നൂർ സർക്കാരി മൊയോലത്തെ എം.സി.രാമൻ. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ തായന്നൂർ സർക്കാരി മൊയോലത്തെ എം.സി.രാമൻ തന്റെ മകൾ രേഷ്മയ്ക്കായിട്ടാണ് കഴിഞ്ഞ പത്ത് വർഷമായി ഈ കാത്തിരിപ്പും അലച്ചിലും നടത്തുന്നത്. 2010 മെയ് മാസത്തിലാണ് രാമന്റെ മകൾ രേഷ്മയെ കാണാതായത്. കാഞ്ഞങ്ങാട് ഇഖ്ബാൽ റോഡിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ടീച്ചേഴ്സ് ട്രെയിനിങ്ങ് പൂർത്തിയാക്കിയ രേഷ്മ എറണാകുളത്ത് കോഴ്സിനു വേണ്ടി പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. മൂന്ന് മാസം കഴിഞ്ഞ് തിരിച്ചുവരുമെന്ന് പറഞ്ഞാണ് രേഷ്മ എറണാകുളത്തേക്ക് പോയത്. ഇതിന് ശേഷം
ഒന്നു രണ്ടുതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് വിളിച്ചില്ല. കാണാതാവുന്ന സമയത്ത് രേഷ്മക്ക് 18 വയസായിരുന്നു പ്രായം.
എറണാകുളത്തുൾപ്പെടെ അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ
കഴിയാത്തതിനെതുടർന്ന് 2011 ജനുവരി 19 ന് അമ്പലത്തറ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും രേഷ്മയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. തുടർന്ന് അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് കൈമാറി. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ രേഷ്മ തൃശ്ശൂരിൽ ഹോം നഴ്സ് ഓഫീസിലെ ജീവനക്കാരിയായ ഏലിയാമ്മയുടെ മകൻ എന്ന ബിജുവിന്റെ കൂടെയാണ് നാട്ടിൽ നിന്നും പോയതെന്ന വിവരം ലഭിച്ചിരുന്നതായി രാമൻ പിന്നീട് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. ഇതിന് ശേഷം ബിജുവും രേഷ്മയും മടിയനിലെ ഒരു വാടക വീട്ടിൽ താമസിച്ചതായും സൂചനയുണ്ട്. ബിജുവിന്
പാണത്തൂർ ചിറങ്കടവിൽ ഭാര്യയും മക്കളുമുള്ളതായും ബന്ധുക്കളുടെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. മകളെ കാണാതാവുന്നതിന് മുമ്പ് മടിയനിലെ ജയറാം എന്നയാളുടെ ഓട്ടോറിക്ഷയിൽ രേഷ്മ വീടിലേക്ക് വന്നതായി രാമൻ പറയുന്നു.
തന്റെ മകളെ അപായപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് രാമന്റെ ആശങ്ക. രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഡിവൈഎസ്പി അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ ചോദ്യം ചെയ്യുന്നതിനെതിരെ ബിജു കോടതിയിൽ നിന്നും സ്റ്റേ സമ്പാദിച്ചിരുന്നു. ഇതോടെയാണ് മകളെ അപായപ്പെടുത്തിയിട്ടുണ്ടാകാമെന്ന സംശയം വർദ്ധിച്ചത്. ഇതു കൊണ്ടാണ് രേഷ്മയുടെ തിരോധാനം സംബന്ധിച്ച കേസിന്റെ അന്വേഷണം മികച്ച ഏജൻസിയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഗവർണർ, ഡി.ജി.പി, മനുഷ്യാവകാശ കമ്മീഷൻ, കലക്ടർ എന്നിവർക്ക് പരാതി നൽകുമെന്ന് രാജപുരം പ്രസ് ഫോറത്തിൽ നടത്തിയ പത്ര സമ്മേളനത്തിൽ രാമൻ പറഞ്ഞു. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഡിവൈഎസ്പി ഓഫീസിന് മുമ്പിൽ അനിശ്ചിതകാല നിരാഹാരമിരിക്കാനാണ് രാമന്റെ തീരുമാനം