പതിനഞ്ചാം വയസിലും ഗര്‍ഭം ധരിക്കാം, പിന്നെന്തിന് വിവാഹപ്രായം ഉയര്‍ത്തണം: വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി:പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിംഗ് വര്‍മ്മ. പതിനഞ്ചാം വയസില്‍ ഒരു പെണ്‍കുട്ടിക്ക് ഗര്‍ഭം ധരിക്കാനാകുമെന്നും പിന്നെന്തിനാണ് വിവാഹം പ്രായം ഉയര്‍ത്തേണ്ടതെന്നും വര്‍മ്മ ചോദിച്ചു. രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തണമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍മാരുടെ അഭിപ്രായപ്രകാരം പതിനഞ്ചാം വയസില്‍ ഒരു പെണ്‍കുട്ടിക്ക് ഗര്‍ഭം ധരിക്കാം. വിവാഹപ്രായം ഉയര്‍ത്തണമെന്ന് വാദിച്ച മുഖ്യമന്ത്രി ഡോക്ടറോ ശാസ്ത്രജ്ഞനോ ആണോ? ഏത് അടിസ്ഥാനത്തിലാണ് പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തേണ്ടതെന്നും മുന്‍ പൊതുമരാമത്ത് മന്ത്രി കൂടിയായ സജ്ജന്‍ സിംഗ് ചോദിച്ചു. സജ്ജന്‍ സിംഗിന്റെ പ്രസ്താവനക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന് രംഗത്തെത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും നിയമത്തിനുമെതിരെ വിവാദകരമായ പ്രസ്താവന നടത്തിയ സജ്ജന്‍ സിംഗ് രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
ബി.ജെ.പിയും സജ്ജന്‍ സിംഗിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. പ്രസ്താവന നാണക്കേടുണ്ടാക്കുന്നതും കുറ്റകരമാണെന്നും ഇതിലുടെ കോണ്‍ഗ്രസിന്റെ മാനസികാവസ്ഥ തുറന്നുകാട്ടിയെന്നും അല്പം പോലും പശ്ചാത്താപമില്ലാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും ബി.ജെ.പി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.