കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളി ആദ്യ ഭര്‍ത്താവായ റോയിയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണങ്ങള്‍ പൊലീസ് വെളിപ്പെടുത്തി. കസ്റ്റഡി അപേക്ഷയിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നത്. നാല് കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. റോയ് തോമസിന്റെ മദ്യപാനശീലം, അന്ധവിശ്വാസം, പരപുരുഷ ബന്ധം എതിര്‍ത്തതിലെ പകയും കൂടാതെ സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനും ജോളി ആഗ്രഹിച്ചതായും പൊലീസ് പറയുന്നു. കൊലപാതകം രണ്ടും മൂന്നും പ്രതികളായ മാത്യുവിന്റെയും പ്രജി കുമാറിന്റെയും സഹായത്തോടെയാണെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു.
അതേസമയം, ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയെ ആറ് ദിവസത്തേക്കും മാത്യു, പ്രജികുമാര്‍ എന്നിവരെ 16 ദിവസത്തേക്കുമാണ് കസ്റ്റഡിയില്‍ വിട്ടത്. താമരശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ പയ്യോളി ക്രെെംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകും.
15 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. കോടതിയില്‍ നിന്നിറങ്ങിയ ശേഷം ജോളിയിയേയും പ്രജികുമാറിനേയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. താമരശേരി താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന. അതേസമയം മാത്യുവിനെ വൈദ്യപരിശോധന നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കേസ് ഇനി 16ാം തീയതി പരിഗണിക്കും.