കൃഷ്ണകുമാര്‍ മുതല്‍ സെന്‍കുമാര്‍ വരെ; സ്വതന്ത്രരാക്കി മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ ബിജെപി
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുസമ്മതരെ സ്വതന്ത്രരായി മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ ബിജെപി. സുരേഷ് ഗോപി എംപി, മുന്‍ ഡിജിപിമാരായ ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ് തുടങ്ങിയവരുടേ പേരുകളാണ് ഉയരുന്നത്.
രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ബിജെപിയുമായി സഹകരിക്കുമെന്നും കഴിഞ്ഞ ദിവസം ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ഇരിങ്ങാലക്കുട, കാഞ്ഞിരപ്പിള്ളി, മൂവ്വാറ്റുപുഴ സീറ്റുകളില്‍ മത്സരിക്കാനാണ് ആലോചിക്കുന്നത്. മത്സരിച്ചില്ലെങ്കിലും പ്രചാരണ രംഗത്ത് സജീവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ബിജെപി അംഗത്വം എടുക്കാത്ത ആളാണ് നടന് കൃഷ്ണകുമാര്‍. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി ശക്തമായി രംഗത്ത് വന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ജനവിധി തേടിയേക്കും.കൃഷ്ണകുമാറിനെ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലാണ് പരിഗണിക്കുന്നത്. സംസ്ഥാന സെക്രട്ടറി എ സുരേഷിന്റെ പേരും ഈ മണ്ഡലത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്.
എപി അബ്ദുള്ളകുട്ടി മത്സരരംഗത്തുണ്ടാവുമെന്നുറപ്പാണ്. കേന്ദ്രമന്ത്രി വി മുരളീധരനും കഴക്കൂട്ടത്ത് മത്സരിച്ചേക്കും.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിജെപി കേന്ദ്ര നേതൃത്വമാണ്. കേന്ദ്ര മന്ത്രി എന്ന നിലയില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും വി മുരളീധരന് പറഞ്ഞു.
മല്‍സരിക്കണമെന്ന് കേന്ദ്രനേതൃത്വം തീരുമാനം എടുത്താല്‍ പാര്‍ട്ടി പ്രവര്ത്തകന് എന്നുള്ള നിലയില്‍ പൂര്‍ണ്ണമായും അനുസരിച്ച് കൊണ്ട് താന്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാകുമെന്നും വി.മുരളീധരന് പറഞ്ഞു.
സുരേഷ് ഗോപി എംപിയെ മത്സരരംഗത്തിറക്കാന്‍ സജീവ നീക്കമുണ്ട്. എന്നാല്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിന്റെ ഭാഗമാകുമെന്നും ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പി ആര് ടീം അറിയിച്ചത്.