കോവിഡ് -19വാക്സിൻ നൽകാൻ ജില്ല ഒരുങ്ങി; 16ന് 9 കേന്ദ്രങ്ങളിൽ നൽകും
കാസർകോട് : ജില്ലയിൽ ജനുവരി 16ന് ആരോഗ്യ പ്രവർത്തകർക്ക് ഒമ്പത് കേന്ദ്രങ്ങളിൽ കോവിഡ് 19 വാക്സിൻ നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ.വി അറിയിച്ചു. കാസര്‍കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട്
ജനറൽ ആശുപത്രി, നീലേശ്വരം, പനത്തടി, മംഗൽപ്പാടി, ബേഡഡുക്ക താലൂക്ക് ആശുപത്രികൾ, പെരിയ സി എച്ച് സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ഒന്നാം ഘട്ടത്തിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ.
രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നതിനായി ഈ ഒമ്പത് കേന്ദ്രങ്ങൾ ഉൾപ്പെടെ ജില്ലയിൽ 58 വാക്സിൻ കേന്ദ്രങ്ങളും
മൂന്നാം ഘട്ടത്തിൽ പൊതുജനങ്ങൾക്ക് വാക്സിൻ നൽകുന്നതിനായി ജില്ലയിൽ 329 കേന്ദ്രങ്ങളും കണ്ടത്തിയിട്ടുണ്ട്.
ജില്ലയിൽ ആദ്യ ഘട്ടത്തിൽ നൽകുന്നതിനുള്ള വാക്സിൻ 14 ന് ലഭ്യമാകും. ഓരോ കേന്ദ്രങ്ങളിലും 4 വാക്സിനേഷൻ ഓഫീസർമാരും 3 വാക്സിനേറ്റർമാരും ഉണ്ടാകും. കൂടാതെ രണ്ട് ഷിഫ്റ്റുകളിലായി രണ്ട് ഡോക്ടർമാരെയും നിയമിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വാക്സിൻ നൽകുക. ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാതല ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയതായും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ജില്ലയിൽ കോവിഡ് -19 വാക്സിൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) നേതൃത്വത്തിൽ ജില്ലയിലെ മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ വകുപ്പിലെ ജില്ലാതല ഓഫീസർമാർ എന്നിവരുടെ യോഗം ചേർന്നു.