ഗൂഗിള്‍ മാപ്പ് നോക്കി കാര്‍ ഓടിച്ച യുവാവ് ഡാമില്‍ വീണ് മരിച്ചു
മുംബൈ: ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച യുവാവ് ഡാമില്‍ വീണ് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ അകോലെയിലാണ് കാര്‍ ഡാമില്‍ വീണ് കഴിഞ്ഞ ദിവസം രാത്രി അപകടമുണ്ടായത്. പുനെ സ്വദേശിയായ സതിഷ ഗുലെ (34) ആണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുരുശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നിവര്‍ രക്ഷപ്പെട്ടു. നാട്ടുകാരാണ് അപകടത്തില്‍പ്പെട്ട കാര്‍ അണക്കെട്ടില്‍ നിന്ന് പുറത്തെടുത്തത്.മഹാരാഷ്ട്രയിലെ ഉയരം കൂടിയ കൊടുമുടിയായ സൂബായിലേക്ക് ട്രക്കിംഗിന് പുറപ്പെട്ടതായിരുന്നു ഇവര്‍. കോട്ടുലില്‍ നിന്ന് അകോലെയിലേക്കുളള എളുപ്പവഴിയ്ക്ക് വേണ്ടിയാണ് ഇവര്‍ ഗൂഗില്‍ മാപ്പിനെ ആശ്രയിച്ചതെന്നാണ് വിവരം. എന്നാല്‍ മഴക്കാലത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് പാലം മുങ്ങി അപകടാവസ്ഥയിലായ വഴിയില്‍ ഗതാഗതം നിരോധിച്ചിരുന്നു. ഇതു സംബന്ധിച്ച അറിയിപ്പുകള് ഇല്ലാതിരുന്നതും അപകടത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്.