പിണറായി സര്‍ക്കാരും സമസ്തയെ സഹായിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയുടെ പര്യടനത്തില്‍ പങ്കെടുക്കാന്‍ വിലക്കില്ല:ജിഫ്രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ കേരള പര്യടനവുമായി ബന്ധപ്പെട്ട് സമസ്തയെ മുസ്ലിം ലീഗ് നിയന്ത്രിക്കുന്നുവെന്ന ചര്‍ച്ച വിവാദമായിരിക്കേ സംഘടനയുടെ പണ്ഡിതസഭയായ മുശാവറ യോഗം കോഴിക്കോട് ചേര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമസ്തയുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു യോഗം.
സമസ്തയ്ക്ക് രാഷ്ട്രീയ നിലപാടില്ലെന്നും സ്വതന്ത്ര നിലപാടാണുള്ളതെന്നും സമസ്ത പ്രസിഡന്റ് സയിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. ആരും മറ്റുള്ളവരെ നിയന്ത്രിക്കുന്നില്ല. ലീഗ് അവരുടെ ആളുകളേയും സമസ്ത അവരുടെ ആളുകളേയും മാത്രമാണ് നിയന്ത്രിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആര്‍ക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല.
ആര് വിളിക്കുന്ന യോഗങ്ങളിലും പങ്കെടുക്കാവുന്നതില്‍ പങ്കെടുക്കും. സര്‍ക്കാര്‍ നേതൃത്വം വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ പങ്കെടുക്കുന്നതിന് സമസ്ത നേതാക്കളെ ലീഗ് വിലക്കിയിട്ടില്ല. ലീഗുമായി എതിര്‍പ്പില്ലെന്നും, ഈ സര്‍ക്കാറും സമസ്തക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുത്തുകോയ തങ്ങള്‍ പറഞ്ഞു.
സമസ്തയുടെ കാര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ അധികാരമില്ല. സമസ്തയുടെ നിലപാട് സമസ്തയുടെ അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും പറയുന്നതാണ്. മായിന്‍ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല. മതപരമായ കാര്യങ്ങളില്‍ മാത്രമാണ് ലീഗ് സമസ്തയുടെ ഉപദേശം തേടാറുള്ളത്. ലീഗും സമസ്തയും തമ്മില്‍ നല്ല ബന്ധമാണെന്നും ജിഫ്രി മുത്തു കോയ തങ്ങള്‍ ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറിച്ച് ഉമര്‍ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. വെല്‍ഫെയര്‍ സഖ്യത്തില്‍ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സമസ്ത ഓഫീസില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് യോഗം നടന്നത്. യോഗത്തില്‍ പ്രസിഡണ്ട് സയിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, വൈസ് പ്രസി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാര്‍ തുടങ്ങിയവരും പങ്കെടുത്തു.