വാക്സിന് എടുത്താലും മാസ്ക് ധരിക്കണം, മുൻകരുതൽ തുടരണം,ഡോ.ജേക്കബ് ജോണ്‍
കോഴിക്കോട്: കോവിഡ് 19-നെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന് എടുത്താലും ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ തുടരേണ്ടി വരുമെന്ന് ഐ.സി.എം.ആര്. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു. ”സമൂഹത്തിന്റെ മൊത്തം സുരക്ഷയ്ക്ക് ഇത് അനിവാര്യമാണ്. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ വാക്സിനേഷനിലൂടെ വലിയൊരു മുന്നേറ്റമാണ് നമ്മള് നടത്തുന്നത്. പക്ഷേ, നിലവിലുള്ള മുന്കരുതലുകളില് വിട്ടുവീഴ്ച ചെയ്യാനാവില്ല.” വെല്ലൂരിലെ വീട്ടില്‍നിന്ന് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയായിരുന്നു ഡോ. ജേക്കബ് ജോണ്‍.
രാജ്യം വാക്സിനേഷനിലേക്ക് കടക്കുകയാണ്. ഈ ഘട്ടത്തില്‍ പ്രാഥമികമായി ഉയരുന്ന ഒരു ചോദ്യം വാക്സിനേഷനു ശേഷവും മാസ്ക് ധരിക്കേണ്ടതുണ്ടോ എന്നാണ്?
മാസ്ക് ധരിക്കണം. സോപ്പ് ഉപയോഗിച്ച് കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍ എന്നിവയും തുടരണം. നമ്മുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമല്ല മാസ്ക് ധരിക്കുന്നത്. മറ്റുള്ളവരുടെ സുരക്ഷയ്ക്കും കൂടിയാണ്.
വാക്സിന് സ്വീകരിക്കുന്ന ഒരാള്‍ക്ക് രോഗം പിടിപെടുന്നതിനോ അയാളില്‍നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനോ ഉള്ള സാദ്ധ്യതയുണ്ടോ? ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് മാസ്ക് ധരിക്കുന്നത്?
ഇതില്‍ രണ്ടു പ്രശ്നങ്ങളുണ്ട്. ഒരാള്‍ മാസ്ക് ധരിക്കാതിരുന്നാല്‍ അത് സമൂഹത്തിന് ഈ ഘട്ടത്തില്‍ നല്കുന്ന സന്ദേശം തെറ്റായിരിക്കും. നിങ്ങള്‍ മാസ്ക് ധരിക്കുന്നില്ലെങ്കില്‍ പിന്നെ ഞാനെന്തിനാണ് മാസ്ക് ധരിക്കുന്നതെന്ന ധാരണ പരത്താന്‍ അതിടയാക്കും. നിങ്ങള്‍ വാക്സിന് എടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ലല്ലോ! മറ്റൊരു പ്രധാന കാര്യം, വാക്സിനേഷന് കൊണ്ട് നിങ്ങള്‍ നൂറു ശതമാനം സുരക്ഷിതത്വം കൈവരിക്കുന്നില്ല എന്നതാണ്. ഇപ്പോള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് എന്ന വാക്സിന് 70 ശതമാനം ഫലസിദ്ധിയുണ്ടെന്നാണ് കരുതപ്പെടുന്നത്. കോവിഷീല്‍ഡിന് ഡ്ര്ഗ്സ് കണ്ട്രോള് ജനറല്‍ ഒഫ് ഇന്ത്യയുടെ (ഡി.ജി.സി.ഐ.) അടിയന്തര അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഈ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടന്നിട്ടില്ല. ഇംഗ്ളണ്ടിലും മറ്റും നടന്ന മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.സി.ഐ. ഈ അനുമതി നല്‍കിയിട്ടുള്ളത്. വാക്സിന് വില്‍ക്കുന്നതിനുള്ള ലൈസന്‍സല്ല, അടിയന്തരഘട്ടത്തില്‍ നല്‍കുന്നതിനുള്ള അനുമതിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടുള്ളത്. വാക്സിന്റെ ഫലം നമ്മള് വരുംനാളുകളിലാണ് ശരിക്കും അറിയാന്‍ പോകുന്നത്.
അതായത് വാക്സിന് എടുക്കുന്നതുകൊണ്ട് നൂറു ശതമാനം പ്രതിരോധശേഷി കൈവരിച്ചു എന്ന് അവകാശപ്പെടാനാവില്ല. അതുകൊണ്ടു തന്നെ നിലവിലുള്ള മുനകരുതലുകള്‍ തുടരണം എന്നാണ് അര്‍ത്ഥമാക്കുന്നത്?
അതെ. സമൂഹത്തിലെ ബഹുഭൂരിപക്ഷവും വാക്സിനേഷന് വിധേയമായിക്കഴിയുമ്പോള്‍ പഠനത്തിനും വിലയിരുത്തലിനും ശേഷം മാത്രമേ മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ വേണ്ടെന്നുവെയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവുകയുള്ളു.
വാക്സിനേഷനുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മറ്റു നടപടികള്‍ എന്തൊക്കെയാണ്?
വാക്സിന് പാര്ശ്വഫലമുണ്ടാവുന്നുണ്ടോ എന്നറിയാന്‍ കൃത്യമായ നിരീക്ഷണ സംവിധാനം വേണം. വാക്സിന് സ്വീകരിക്കുന്നവരെ ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും നിരീക്ഷിക്കേണ്ടതുണ്ട്. ഇക്കാലയളവില്‍ ഇവര്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം.
എല്ലാവര്ക്കും വാക്സിന് ആവശ്യമുണ്ടോ?
അടിയന്തരമായി ആവശ്യമുള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്സിന് നല്‍കുന്നത്. ആരോഗ്യ പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രായമേറിയവര്‍, പ്രമേഹം, രക്താതിസമ്മര്‍ദ്ദം എന്നിവ നേരിടുന്നവര്‍- ഇവരൊക്കെയാണ് അടിയന്തരമായി വാക്സിന് എടുക്കേണ്ടത്. ഇവരില്‍തന്നെ നേരത്തെ കോവിഡ് 19 ബാധിതരായിട്ടുള്ളവര്‍ അടിയന്തരമായി വാക്സിന് എടുക്കേണ്ടതില്ല. അര്‍ബ്ബുദരോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവര്‍, എച്.ഐ.വി. ബാധിതര്‍ തുടങ്ങിയവര്‍ക്ക് വാക്സിന് എടുക്കാനാവുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നയം പ്രഖ്യാപിക്കുകയും വേണം. കാരണം ഇവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ പ്രതിരോധശേഷി കുറയ്ക്കുന്നവയാണ്.
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്, ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തുടങ്ങിയവര്‍ കോവിഡ് 19 വാക്സിന് എടുത്തു കഴിഞ്ഞു. ഇന്ത്യയില്‍ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരും ഇതുപോലെ വാക്സിന് സ്വീകരിച്ച് സമൂഹത്തിന് മാതൃക കാട്ടേണ്ടതല്ലേ?
തീര്‍ച്ചയായും! ഭരണകൂടത്തിന്റെ തലപ്പത്തുള്ളവര്‍ വാക്സിന് സ്വീകരിക്കുന്നത് സമൂഹത്തിന് മൊത്തത്തില്‍ ആത്മവിശ്വാസം പകരും.