ലൈഫിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം പ്രതിരോധവുമായി ഭരണപക്ഷം
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയം. മുഖ്യമന്ത്രിയുടെ ഓഫീസിലെയും ലൈഫ് മിഷനിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉന്നത തലത്തില്‍ ഗൂഢാലോചനയും അഴിമതിയും നടത്തിയെന്ന ആരോപണം ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ലൈഫ് മിഷന് അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്നും എഫ്.ഐ.ആര് റദ്ദാക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു അടിയന്തര പ്രമേയം. കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയായിരുന്നു അടിയന്തിര പ്രമേയം അവതരിപ്പിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയത്. ലൈഫ് മിഷന് ഇടപാടില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്നാണ് കോടതി വിധിയുടെ കാതല്‍. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതല്ല കോടതി വിധി. 140 വീടുകള്‍ നിര്‍മിക്കാന്‍ യുഎഇ റെഡ് ക്രസന്റ് മുന്നോട്ടുവരികയായിരുന്നു. പദ്ധതിയെ ആകെ താറടിച്ചു കാണിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും എ.സി. മൊയ്തീന് സഭയില്‍ പറഞ്ഞു.
ലൈഫ് മിഷനെതിരായ സി.ബി.ഐ. അന്വേഷണവും എഫ്.ഐ.ആറും റദ്ദാക്കണമെന്ന ആവശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. വടക്കാഞ്ചേരിയില്‍ യു.എ.ഇ. സഹായത്തോടെ ഫ്ലാറ്റ് നിര്‍മിക്കുന്നതില്‍ വിദേശസഹായ നിയന്ത്രണ നിയമത്തിന്റെ (എഫ്.സി.ആര്.എ.) ലംഘനം നടന്നുവെന്ന പരാതിയിലെ അന്വേഷണവും എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജികളാണ് ജസ്റ്റിസ് പി. സോമരാജന് തള്ളിയത്.