നീലേശ്വരം നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ തിരഞ്ഞെടുപ്പിലും ഘടക കക്ഷികളെ തഴഞ്ഞ് സിപിഎമ്മിന്റെ സമഗ്രാധിപത്യം.
നീലേശ്വരം: നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ തിരഞ്ഞെടുപ്പിലും ഘടക കക്ഷികളെ തഴഞ്ഞ് സിപിഎമ്മിന്റെ സമഗ്രാധിപത്യം. പൊതുമരാമത്ത്, വികസനം, ക്ഷേമകാര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ അഞ്ച് സ്റ്റാൻഡിംഗ് കമ്മറ്റികളിലേക്കും അധ്യക്ഷരായി സിപിഎം കൗൺസിലർമാരെ തന്നെയാണ് തിരഞ്ഞെടുത്തത്. സിപിഐക്കും ഐഎൻഎല്ലിനും ഓരോ അംഗങ്ങൾ വീതമുണ്ടെങ്കിലും ഇവരെ തഴയുകയായിരുന്നു. ഇതോടെ ചെയർപേഴ്സൺ, വൈസ് ചെയർമാൻ ഉൾപ്പെടെ എല്ലാ പദവിയും സിപിഎം കൈയടക്കി വെച്ചു.
ഭരണസമിതിയിൽ വല്യേട്ടൻ ചമയുന്ന സിപിഎം നിലപാടിൽ മുന്നണിയിലെ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്. സിപിഐ ഇക്കാര്യം തുറന്നടിച്ചു കഴിഞ്ഞു. പടിഞ്ഞാറ്റം കൊഴുവലിൽ മിന്നുന്ന വിജയം നേടിയ സിപിഐയിലെ പി ഭാർഗവി ഇത് മൂന്നാം തവണയാണ് നഗരസഭാ കൗൺസിലറാവുന്നത്. രണ്ടര വർഷത്തിനു ശേഷം ഇവർക്ക് സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ പദവി നൽകുന്ന കാര്യം പരിഗണിക്കാമെന്ന് എൽഡിഎഫ് യോഗത്തിൽ സിപിഎം അറിയിച്ചിട്ടുണ്ടെങ്കിലും സിപിഐ ഈ ‘ഔദാര്യം’ നിരസിച്ചിരിക്കയാണ്.
നിലവിൽ ക്ഷേമ കാര്യ സമിതി അംഗമായ ഐഎൻഎൽ കൗൺസിലർ അരിഞ്ചിറ ശംസുദ്ധീനും രണ്ടര വർഷത്തിനു ശേഷം അധ്യക്ഷ പദവി നൽകാമെന്ന് സിപിഎം ഉറപ്പു നൽകിയിട്ടുണ്ട്. ഐഎൻഎൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേ സമയം, അഞ്ച് സിപിഎം ലോക്കൽ കമ്മറ്റികൾക്ക് സ്റ്റാൻഡിംഗ് കമ്മറ്റികൾ വീതം വെച്ചു നൽകിയതിനെതിരെ പൊതുവിൽ വിമർശനമുയരുന്നുണ്ട്.