വാടക വിളിച്ച് ഓട്ടോ ഡ്രൈവറുടെ മൊബെയിലും പണവും മോഷ്ടിച്ചു
നീലേശ്വരം: വാടക പോയ ഒാട്ടോ ഡ്രൈവറുടെ പണവും മൊബൈലും കവർന്ന് യുവാവ് മുങ്ങി. നീലേശ്വരം ബസ് സ്റ്റാൻഡിനു സമീപത്തെ കെ.സി.കെ രാജ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ 63കാരനായ ചോയ്യങ്കോട്ടെ കെ. കൃഷ്ണനെയാണ് 40 വയസ്സ് തോന്നിക്കുന്ന അജ്ഞാതൻ കബളിപ്പിച്ചത്. മൊബൈൽ ഫോണും 2000 രൂപയും തന്ത്രപൂർവം കൈക്കലാക്കി മുങ്ങുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് 12.35ന് കെ.സി.കെ ഓട്ടോ സ്റ്റാൻഡിലെത്തിയ യുവാവ് പരിയാരം മെഡിക്കൽ കോളജിലേക്ക് വാടക പോകണമെന്നാവശ്യപ്പെട്ട് ഓട്ടോയിൽ കയറി. ഓട്ടോ ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ എത്തിയപ്പോൾ തകരാറിലായ കമ്പ്യൂട്ടർ ശരിയാക്കി വാങ്ങാനുണ്ടെന്നുപറഞ്ഞ് യുവാവ് ഇറങ്ങി. അതിനിടെ ഫോണിൽ വിളിക്കാൻ പൈസയില്ലെന്നുപറഞ്ഞ് ഡ്രൈവറോട് ഫോൺ വാങ്ങി. കമ്പ്യൂട്ടർ വാങ്ങാൻ 2000 രൂപ തരണമെന്നും പരിയാരത്തെത്തിയാൽ തരാമെന്നും ആവശ്യപ്പെട്ടപ്പോൾ പണവും നൽകി. ശേഷം ഇയാൾ മൊബൈലും പണവുമായി മുങ്ങുകയായിരുന്നു. മണിക്കൂറോളം ഡ്രൈവർ ചെറുവത്തൂരിൽ കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നീലേശ്വരം പൊലീസിൽ പരാതി നൽകി. യുവാവ് നീലേശ്വരത്തെ ഓട്ടോസ്റ്റാൻഡിൽ എത്തിയപ്പോഴുള്ള മാസ്ക് ധരിച്ച ദൃശ്യം സമീപത്തെ കടയിൽനിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്.