കാഞ്ഞങ്ങാട് കേന്ദ്രമാക്കി ‘തിയറ്റർ ഗ്രൂപ്പ് ഓഫ് കാഞ്ഞങ്ങാട്’ രൂപീകരിച്ചു.
കാഞ്ഞങ്ങാട്: കാസർകോടിന്റെ നാടക പാരമ്പര്യത്തെ ചേർത്തു പിടിച്ച് തിയറ്റർ പ്രവർത്തനങ്ങളെ പുതുതലമുറയിലേക്ക് സന്നിവേശിപ്പിക്കാനും തിയറ്റർ പാലിയേറ്റീവ് എന്ന ബൃഹത്തായ ലക്ഷ്യം മുൻനിർത്തി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നാടകപ്രവർത്തകരുടെയും നാടകപ്രേമികളുടെയും കൂട്ടായ്മയ്ക്ക് തുടക്കമായി. ഗ്രാമീണ നാടകവേദി, ക്യാമ്പസ് തിയറ്റർ, കുട്ടികളുടെ നാടകവേദി, സത്രീ നാടകവേദി എന്നിങ്ങനെയാണ് തിയറ്റർ വിഭാവനം ചെയ്യുന്നത്. ഗവ. ഗസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ സി നാരായണൻ സ്വാഗതം പറഞ്ഞു. തിയറ്റർ പ്രവർത്തനങ്ങളെ കുറിച്ച് ഇ,വി ഹരിദാസ് വിശദീകരിച്ചു. ഡോ. സി ബാലൻ, അഡ്വ: എംസി ജോസ്, ഉദയൻ കുണ്ടംകുഴി, കെ.പി ശശി നീലേശ്വരം, സി പി ശുഭ, ചന്ദ്രൻ കരുവാക്കോട് ,സുരേഷ് മോഹൻ, അജയ് പ്രസീത് എന്നിവർ സംസാരിച്ചു. തിയറ്ററിൻ്റെ ആദ്യ നാടകമായ ‘പുലികേശി രണ്ട് ‘ ജനുവരി 31ന് കാഞ്ഞങ്ങാട് വെച്ച് അരങ്ങേറ്റം നടത്താൻ തീരുമാനിച്ചു. തിയറ്റർ ഡയറക്ടറായി ഇവിഹരിദാസിനെയും കോഡിനേറ്ററായി സി നാരായണൻ കാഞ്ഞങ്ങാടിനെയും തെരഞ്ഞെടുത്തു.