മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അഞ്ച് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ചെലവ് കണക്കുകള്‍ സമര്‍പ്പിച്ചു. നാമനിര്‍ദേശ തീയ്യതി മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ചെലവു കണക്കുകളാണ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പെന്‍ഡീച്ചര്‍ മോണിറ്ററിങ് സെല്ലിന് കൈമാറിയത്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ കമല്‍ജിത്ത് കെ കമലിന്റെ നേതൃത്വത്തില്‍ ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്, അസിസ്റ്റന്റ് എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ ടി ഇ ജനാര്ദ്ദനന് എന്നിവരുള്‍പ്പെട്ട സംഘമാണ് കണക്കു വിവരങ്ങള്‍ പരിശോധിച്ചത്.
കണക്കുകള്‍ ഹാജരാക്കാത്ത രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് വരണാധികാരി നോട്ടീസയച്ചു.ചെലവ് കണക്കുകളില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും വരണാധികാരി നോട്ടീസ് നല്‍കിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥികള്‍ വിശദീകരണം നല്‍കണം. മറുപടി തൃപ്തികരമല്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കും.
വരണാധികാരി വിതരണം ചെയ്ത ഇലക്ഷന് എക്സ്പെന്‍ഡീച്ചര്‍ രജിസ്റ്ററില്‍ സ്ഥാനാര്‍ത്ഥികള്‍ രേഖപ്പെടുത്തിയ വിവരങ്ങളും എക്സ്പെന്‍ഡീച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ നിരീക്ഷണത്തില്‍ സൂക്ഷിക്കുന്ന ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററുമായി ഒത്തു നോക്കിയാണ് ചെലവ് കണക്കുകളുടെ വിലയിരുത്തല്‍ നടത്തുന്നത്. പുതിയ കണക്കുകള്‍ ഈ മാസം 14നും 18നുമാണ് സമര്‍പ്പിക്കണം.