വെല്‍ഫയര്‍ പാര്‍ട്ടിയുമായി ചര്‍ച്ചനടത്തിയിട്ടില്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമില്ല മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തദ്ദേശ തിരഞ്ഞെടുപ്പില്‍ താനുമായി ചര്‍ച്ച നടത്തിയെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വെളിപ്പെടുത്തല്‍ അദ്ദേഹം തള്ളി. ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
വെല്‍ഫെയല്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന നിലപാട് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ വ്യക്തമാക്കിയിരുന്നതാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ഇക്കാര്യം പിന്നീട് പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കെ.സി വേണുഗോപാലും ഈ നിലപാട് ആവര്‍ത്തിച്ചിരുന്നു. അതിലപ്പുറം ഇക്കാര്യത്തില്‍ ഒന്നും പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നതായി ഫെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.