കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണ് മരിച്ചതാണെന്ന് അഭയയുടെ ആത്മാവ് പറഞ്ഞു: ഫാ.മാത്യു നായ്ക്കാംപറമ്പില്‍
മുരിങ്ങൂര്‍: സിസ്റ്റര്‍ അഭയയെ ആരും കൊന്നതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നും മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ സ്ഥാപകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍. ചെറുപ്പത്തില്‍ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് അഭയയെന്നും അതിനാല്‍ പുരുഷന്മാരെ കാണുമ്പോള്‍ പേടിയായിരുന്നെന്നും ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു. അഭയയുടെ ആത്മാവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അടുത്ത ദിവസങ്ങളില്‍ ഒരു വാട്സ്ആപ്പ് വാര്‍ത്ത കണ്ടിരുന്നു. മരിച്ച സിസ്റ്റര്‍ അഭയയെ കുറിച്ച് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല് ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു.
അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലെന്നും സിസ്റ്റര്‍ അഭയ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസ്സിലായി.’ ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.
ഈ സന്ദേശം പലര്‍ക്കും അയച്ചുകൊടുക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയെന്നും അങ്ങനെ മഠങ്ങളില്‍ സിസ്റ്റര്‍ അഭയക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഫാ.മാത്യുവിന്റെ പ്രസംഗത്തിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അഭയ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി ന്യായീകരണ തൊഴിലാളികള്‍ ആയിട്ടുള്ള ചിലര്‍ നുണ ഫാക്ടറി നിര്‍മിക്കുന്നവരാണ് എന്ന് പറഞ്ഞിരുന്നു. അത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ.മാത്യു നായ്ക്കംപറമ്പില്‍ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോയെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ വിമര്‍ശനമുന്നയിച്ചത്.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും തിരുവനന്തപുരം സി.ബി.ഐ കോടതി കഴിഞ്ഞ മാസം വിധി പുറപ്പെടുവിച്ചിരുന്നു. കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വന്നത്.
കുറ്റക്കാരായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ജീവപര്യന്തത്തിന് പുറമേ അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.
തോമസ് കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും പ്രായാധിക്യമുള്ളതിനാലും പരമാവധി ശിക്ഷാ ഇളവ് നല്‍കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്.