കടയ്ക്കാവൂർ പോക്സോ കേസ്: മകന്റെ കൗണ്‍സലിംഗ് റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: കടക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പോക്സോ കേസിൽ ബാലക്ഷേമ സമിതി മകന് നടത്തിയ കൗണ്‍സലിംഗ് റിപ്പോർട്ട് പുറത്ത്. അമ്മയ്ക്ക് എതിരെ കുട്ടി പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നവംബർ 13ന് ബാലക്ഷേമ സമിതി തയ്യാറാക്കിയ റിപ്പോർട്ട് നവംബർ 30 തിനാണ് പൊലീസിന് നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നായിരുന്നു പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. കൗൺസിലിംഗ് സമഗ്രമായി നടത്താൻ കഴിഞ്ഞില്ല എന്നോ, കൂടുതൽ കൗൺസിലിംഗ് വേണം എന്നോ റിപ്പോർട്ടിൽ ഇല്ല. എന്നാൽ കൗണ്‍സിലിംഗ് റിപ്പോർട്ട് മാത്രമാണ് നൽകിയതെന്നും ഇത് മൊഴിയായി കണക്കാക്കാൻ ആവില്ലെന്നും ബാലക്ഷേമ സമിതി ചെയർപേഴ്സൻ പ്രതികരിച്ചു. നേരത്തെ പരാതിക്കാരിയുടെ കോളത്തിൽ പേര് വന്നതിനെതിരെ ബാലക്ഷേമ സമിതി രംഗത്തെത്തിയിരുന്നു.
അതിനിടെ അമ്മയ്ക്കെതിരായ പോക്സോ കേസില്‍ ഐജിയുടെ അന്വേഷണം തുടങ്ങി. കേസ് ഫയലുകള്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി വിളിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ കുടുംബം ഇന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും. അമ്മക്കെതിരെ പരാതി നൽകിയ കുട്ടിയെ പരിശോധനകൾക്കായി മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാനും പൊലീസ് ശ്രമമുണ്ട്.
കേസിന്റെ ആദ്യഘട്ടമായ പരാതി മുതൽ കുട്ടിക്ക് കൗൺസിലിങ്ങ് നടത്തിയതും അറസ്റ്റിലേക്ക് നീങ്ങിയതുമടക്കം മുഴുവൻ നടപടികളും ഐ.ജി പരിശോധിക്കും. കുടുംബവഴക്ക് നിലനിൽക്കുന്ന കേസാണെന്ന് അറിഞ്ഞിട്ടും നടപടികളിൽ പൊലീസ് തിടുക്കം കാട്ടിയോ, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചോ എന്നതടക്കം അറിയുന്നതിനാണ് ഫയലുകൾ വിളിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പിയിൽ നിന്നും കടയ്ക്കാവൂർ എസ്.ഐയിൽ നിന്നും വിവരങ്ങൾ ആരായും. കേസ് കെട്ടിച്ചമച്ചതാണെന്നു കാട്ടി സമഗ്രാന്വേഷണമാവശ്യപ്പെട്ട് കുടുബം നൽകുന്ന പരാതിയും ഐ.ജിയായിരിക്കും അന്വേഷിക്കുക.
പൊലീസിനെതിരെ ബാലക്ഷേമസമിതി നൽകുന്ന പരാതിയും ഐ.ജിയ്ക്ക് കൈമാറിയേക്കും. വിവാദമായ പോക്സോ കേസ് അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കാനും സാധ്യതയുണ്ട്. പൊലീസ് വീഴ്ച്ച ഉറപ്പായാൽ തുടരന്വേഷണത്തിന് അനുമതി തേടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത. അതേസമയം കേസിൽ എടുത്ത നടപടിക്രമങ്ങളിൽ വീഴ്ച്ചയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കടയ്ക്കാവൂർ പൊലീസ്.