ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാനായില്ല, മയക്കുവെടി വെക്കുന്നതും പരിഗണനയിൽ, റേഞ്ചർ ചികിത്സയിൽ
.
വയനാട്: കൊളവള്ളിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് തുടങ്ങി. തിരച്ചിലിനായി കൂടുതൽ വനപാലകർ പത്തുമണിയോടെ കൊളവള്ളിയിൽ എത്തും. വനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ ഒന്നും രാത്രിയിലും കടുവ കുടുങ്ങാതിരുന്നതോടെ കടുവയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനെകുറിച്ചും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പത്തുമണിയോടെ സ്ഥലത്തെത്തും. അതിനിടെ ജില്ലാ കളക്ടർ തഹഹസിൽദാരോട് റിപ്പോർട്ട് തേടി. 144 പ്രഖ്യാപിക്കേണ്ടത് ആവശ്യകത ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആളുകൾ കൂട്ടംകൂടിയാൽ 144 പ്രഖ്യാപിക്കേണ്ടി വരും.
കടുവയുടെ അക്രമം ഭയന്നാണ് കഴിഞ്ഞനാല് ദിവസമായി കൊളവള്ളി യും പരിസരപ്രദേശങ്ങളിലുമുള്ള നാട്ടുകാർ കഴിയുന്നത്. ആളുകൾ ജാഗ്രതപാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കടുവയെ പിടികൂടും വരെ ഒറ്റയ്ക്ക് സഞ്ചരിക്കരുത് എന്നാണ് നാട്ടുകാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കടുവ ഇന്നലെ ആക്രമിച്ച ചെതലയം റേഞ്ചർ ശശികുമാർ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.