കൊല്ലം ; ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ദിവസം 200 രൂപ ശമ്പളത്തിനു ജോലിചെയ്യുന്ന താൽക്കാലിക തൂപ്പുജോലിക്കാരി, ഇനി അതേ ബ്ലോക്ക് പഞ്ചായത്തിന്റെ അമരത്ത്.
എൽഡിഎഫിനു തുടർഭരണം ലഭിച്ച പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കു സിപിഎം സ്ഥാനാർഥിയായി തലവൂരിൽ നിന്നു വിജയിച്ച എ. ആനന്ദവല്ലിയെ നിശ്ചയിച്ചതോടെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തും പുതിയ ചരിത്രമെഴുതുന്നു. ആനന്ദവല്ലി 10 വർഷമായി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ താൽക്കാലിക സ്വീപ്പറാണ്. ഉച്ചവരെയാണു ജോലിയെങ്കിലും കുടുംബശ്രീ ഓഫിസിലെ അധിക ജോലി ഉൾപ്പെടെ ചെയ്തിരുന്നതും ആനന്ദവല്ലിയാണ്.
തുച്ഛമായ കൂലിക്കു ജോലി ചെയ്തു കുടുംബം പോറ്റിയിരുന്ന തന്നെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കു പാർട്ടി നിയോഗിക്കുമെന്നു സ്വപ്നം പോലും കണ്ടിരുന്നില്ലെന്ന് ആനന്ദവല്ലി പറയുന്നു. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് മോഹനനും 2 മക്കളും അടങ്ങുന്ന കുടുംബമാണ് ഇവരുടേത്. 13 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് 7 അംഗങ്ങളാണുള്ളത്. പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിട്ടുള്ള പ്രസിഡന്റ് സ്ഥാനത്തേക്കു 6 അംഗങ്ങളുള്ള യുഡിഎഫിനു പരിഗണിക്കാൻ ആളില്ലാത്തതു മൂലം ആനന്ദവല്ലി പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയായിരുന്നു