കോഴിക്കോട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്തെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ.എം. ദയാനന്ദന്റേതാണ് പ്രസംഗം. വടകര ചോമ്ബാല സ്റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരെയാണ് ഭീഷണി. കാക്കിയഴിച്ച് വച്ചെത്തിയാല് പോലീസുകാരനെ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. പുതുവര്‍ഷ ആഘോഷം പൊലീസ് തടഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഭീഷണി പ്രസംഗത്തിലേക്ക് നയിച്ചത്.
ഭീഷണി മുഴക്കുന്ന പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നു. മെയ്യഭ്യാസം പഠിച്ചിട്ടാണ് നില്‍ക്കുന്നതെന്നും കളിക്കാന്‍ നില്‍ക്കരുതെന്നും ദയാനന്ദന് പരസ്യമായി ഭീഷണി ഉയര്‍ത്തി. ഭീഷണി പ്രസംഗത്തിന്റെ വിഡിയോ വൈറലായതോടെ സംഭവം വിവാദമായിരിക്കുകയാണ്. പുതുവല്‍സരദിനത്തില്‍ ചോമ്ബാല പൊലീസ് ഡി.വൈഎഫ്.ഐപ്രവര്ത്തകനെ അറസ്റ്റ് ചെയ്തതിന്റെ പേരിലാണ് ഭീഷണി.
യൂണിഫോമില്ലെങ്കില്‍ പ്രവര്‍ത്തകനെതിരെ ഉയര്‍ന്ന കൈ ചവിട്ടിത്തിരിച്ചെറിയുമെന്നും ദയാനന്ദന് ഭീഷണി മുഴക്കി. വടകര ചോമ്ബാല പൊലീസ് സ്റ്റേഷന് പരിസരത്ത് വലിയ ആള്‍ക്കൂട്ടത്തോടെ നടത്താന്‍ ശ്രമിച്ച പുതുവത്സര പരിപാടി പൊലീസ് എത്തി തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍. പുതുവത്സര ആഘോഷ പരിപാടി നടത്താന്‍ സാധ്യമല്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിനെ എതിര്‍ത്ത പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് ശ്രമം ഒരുപറ്റം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. എന്നാല്‍, പിറ്റേദിവസം ഇയാളെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ഭീഷണി പ്രസംഗമുണ്ടായത്.