കൊല്ലം: ഓച്ചിറ ∙ കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചു കായംകുളം പൊഴിക്കു അഭിമുഖമായി നിർമിക്കുന്ന വലിയഴീക്കൽ – അഴീക്കൽ പാലം തിരഞ്ഞെടുപ്പിനു മുൻപു ഉദ്ഘാടനത്തിനായി ദ്രുത ഗതിയിൽ നിർമാണം പുരോഗമിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ 3 ബോ സ്ട്രിങ് ആർച്ചുള്ള പാലമാണു ഉദ്ഘാടനത്തിനു ഒരുങ്ങുന്നത്. മാർച്ച് അവസാനത്തോടെ പാലം നാടിനു സമർപ്പിക്കാൻ സാധിക്കുമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ.
140 കോടി രൂപ ചെലവിലാണ് 976 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ള പാലം നിർമിക്കുന്നത്. ആറാട്ടുപുഴ, ആലപ്പാട് രണ്ടു തീരദേശ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ തീരദേശ നിവാസികൾക്ക് 28 കിലോമീറ്റർ സഞ്ചാരം ലാഭിക്കാനാകും. കഴിഞ്ഞ 2015 ഏപ്രിൽ 4ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഊരാളുങ്കൽ കൺസ്ട്രക്ഷൻ ലേബർ സൊസൈറ്റിയാണു പാലത്തിന്റെ നിർമാണ കരാർ ഏറ്റെടുത്തത്. സ്റ്റേറ്റ് ഫ്ലാഗ് ഷിപ്പ് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് പാലം നിർമാണം നടത്തുന്നത്.
പാലത്തിന്റെ മധ്യഭാഗങ്ങളിലുള്ള 110 മീറ്റർ നീളമുള്ള 3 ബോ സ്ട്രിങ് ആർച്ചാണു പ്രധാന ആകർഷണ കേന്ദ്രം. ഇംഗ്ലണ്ടിൽനിന്നു എത്തിച്ച മാക്ക് അലോയ് ബാർ ഉപയോഗിച്ചാണ് പാലത്തിന്റെയും ആർച്ചിന്റെയും ഭാരം നിയന്ത്രിക്കുന്നത്. പാലത്തിന്റെ മധ്യ ഭാഗത്തുനിന്നു സൂര്യോദയവും അസ്തമയവും കാണുവാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. 37 മീറ്റർ,12 മീറ്റർ വീതം ഉയരമുള്ള 13 വീതം സ്പാനുകൾ ഉൾപ്പെടെ 29 സ്പാനുകളാണുള്ളത്. മധ്യഭാഗത്തെ സ്പാനിന്റെയും അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാൻ സാധിക്കും.
പാലം നിർമാണത്തിനുള്ള വസ്തു ഏറ്റെടുത്തു നൽകുന്നതിലെ കാലതാമസമാണു പാലത്തിന്റെ നിർമാണം നീണ്ടു പോകാൻ പ്രധാന കാരണമായത്. മന്ത്രി ജി.സുധാകരൻ ഇടപെട്ടാണു പാലത്തിന് സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചത്. പാലത്തിന്റെ അടിഭാഗത്തുകൂടി വലിയ മത്സ്യബന്ധന യാനങ്ങൾ സുഗമമായി കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാലം സഞ്ചാരയോഗ്യമാകുന്നതോടെ അഴീക്കൽ,ആറാട്ടുപുഴ പ്രദേശത്ത് വികസനത്തിന്റെ കുതിച്ചുച്ചാട്ടം ഉണ്ടാകും.