വി. എസ് ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷ സ്ഥാനം ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു, ഇനി മകന്റെ വീട്ടിൽ
തിരുവനന്തപുരം : വി. എസ് അച്യുതാനന്ദന് ഭരണ പരിഷ്കാര കമ്മീഷന് സ്ഥാനമൊഴിയും. ഇതിനു മുന്നോടിയായി കവടിയാറിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറ്റി.
സ്ഥാനമൊഴിയുന്നതിന് മുന്നോടിയായാണ് തീരുമാനമെടുത്തതും വീടു മാറുന്നതും. ആരോഗ്യ പ്രശ്നമാണ് കാരണം. സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി ചുമതലകളെല്ലാം അദ്ദേഹം പെട്ടെന്ന് നിര്‍വ്വഹിക്കുകയാണെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. താത്ക്കാലികമായാണ് താമസം മാറ്റുന്നതെന്നും അറിയിപ്പുണ്ടാകുന്നതുവരെ പോസ്റ്റല്‍ അഡ്രസ്സ് ബാർട്ടൺ ഹില്ലിലെ വിലാസമായിരിക്കും എന്നറിയിച്ചു കൊണ്ടുള്ള വാര്‍ത്താ കുറിപ്പും ലഭിച്ചു.
കോവിഡ് കാലത്തിനു മുമ്പേ തന്നെ അദ്ദേഹം പൊതുരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരോഗ്യ പ്രശ്നം കാരണം യാത്രചെയ്യാൻ കഴിയാഞ്ഞതിനാൽ അദ്ദേഹത്തിന് വോട്ടു ചെയ്യാനായിരുന്നില്ല.. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുളളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വി.എസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകാത്തതിനാലാണ് ഇത്തവണ വോട്ട് നഷ്ടമായത്.