കോടതി വിധികൾ കാറ്റിൽ പറത്തി കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ് ., വീണ്ടും വിവാദം.
കാസർകോട് : ജസ്റ്റിസ് ലോധ കമ്മീഷൻ റിപ്പോർട്ടിലെയും അത് സംബന്ധിച്ച് സുപ്രിം കോടതി വിധികളിലെയും നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി കാസർകോട് ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ് വീണ്ടും വിവാദത്തിലമരുന്നു .ലോധ കമ്മീഷൻ നിർദ്ദേശമനുസരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ ബൈലൊ റജിസ്റ്റർ ചെയ്തുവെങ്കിലും നിലവിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളുടെ ഭരണനിർവഹണത്തിന് ബൈലൊ നിലവിൽ വന്നിട്ടില്ല.ലോധ കമ്മീഷൻ നിർദ്ദേശപ്രകാരം ആറ് വർഷം തുടർച്ചയായി ഭാരവാഹിയായവർക്ക് മൂന്ന് വർഷം അധികാരത്തിൽ നിന്ന് മാറി പുറത്ത് നിന്നാൽ മാത്രമേ ഒരു തവണ കൂടി മത്സരിക്കാനാവുക.ഒമ്പത് വർഷം പൂർത്തിയായ ഭാരവാഹികൾക്ക് പിന്നീട് മത്സരിക്കാൻ പറ്റില്ല.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്ത് നിന്നും വിരമിച്ചവരാവണം റിട്ടേണിംഗ് ഓഫിസർ.ഒരു ക്ലബ്ബിന് ഒരു വോട്ടിനു മാത്രമേ അർഹതയുള്ളു. തിരഞ്ഞെടുപ്പിന് 21 ദിവസത്തെ നോട്ടിസ് വേണം.
എന്നാൽ ജനുവരി ഒന്നാം തീയ്യതിയാണ് കാസറഗോഡ് ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ് ജനുവരി 17 ന് പ്രഖ്യാപിച്ച് കൊണ്ട് കഴിഞ്ഞ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ മെമ്പർമാരായിട്ടുള്ള ക്ലബ്ബ് പ്രതിനിധികൾക്ക് കത്തയച്ചത്.അതിൽ തന്നെ കെ.സി.എ സെക്രട്ടറി ഒപ്പിട്ട ഒരു തിരഞ്ഞെടുപ്പ് ഷെഡ്യൂളും വോട്ടർ പട്ടികയുടെ കോപ്പിയും അടക്കം ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഷെഡ്യൂളിൽ അരാണ് റിട്ടേണിംഗ് ഓഫിസറെന്നൊ, ഏതൊക്കെ പോസ്റ്റിലേക്കാണ് തിരഞ്ഞെടുപ്പ് എന്നോ പ്രതിപാദിച്ചിട്ടില്ല. വോട്ടർ പട്ടികയിൽ 5 ക്ലബുകൾക്ക് രണ്ടും മൂന്നും വോട്ടുകൾ ഉള്ളതായി കാണാം. നിലവിലുള്ള ഭാരവാഹികളിൽ ഭൂരിഭാഗം പേരും 15 വർഷത്തിലധികം തുടർച്ചയായി ഭാരവാഹികളായവരാണ്. അവർക്ക് വീണ്ടും സ്ഥാനത്തെത്താനായി ധൃതി പിടിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ജനുവരി 6 ആയിരന്നു നോമിനേഷൻ നൽകാനുള്ള അവസാന തീയതി. അപ്പോഴേക്കും പല അംഗങ്ങൾക്കും അറിയിപ്പ് പോലും ലഭിച്ചിരുന്നില്ല. അറിയിപ്പ് കിട്ടി നോമിനേഷൻ സമർപ്പിക്കാൻ പോയ പുതിയ അംഗങ്ങൾക്ക് റിട്ടേണിംഗ് ഓഫിസറില്ലാത്തതിനാൽ നോമിനേഷൻ ഫോം പോലും ലഭിച്ചില്ല.എന്നാൽ 7 ആറാം തീയതി മുൻ ഭാരവാഹികൾ തന്നെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനം വന്നു. എന്നാൽ നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 10 ആണ്. അതിന് മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
കോടതി ഉത്തരവുകളും ലോധ കമ്മീഷൻ റിപ്പോർട്ടും കാറ്റിൽ പറത്തി തിരഞ്ഞടുപ്പ് നടത്തുന്നതിനെതിരെ നാസ്ക് ബങ്കരക്കുന്ന് ക്ലബ് അഡ്വക്കറ്റ് കെ.വിനോദ് കുമാർ മുഖാന്തരം മുൻ സിഫ് കോടതിയെ സമീപിച്ചിരിക്കയാണ്