കാസർകോട് നഗരസഭയിൽ പുതിയ അഴിമതിക്ക് കളമൊരുങ്ങി. നഗരസഭാ കെട്ടിടങ്ങളിലെ 130 കട മുറികളിൽ നിന്നായി വാടകക്കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ളത് അരക്കോടി രൂപ. 37 കടകൾക്ക് വർഷങ്ങളായി എഗ്രിമെന്റ് പോലുമില്ല, നടപടി വൈകിപ്പിക്കാൻ പതിനായിരം രൂപവരെ കൈക്കൂലി.
കാസർകോട് :കാസർകോട് നഗരസഭയിലെ പുതിയ ഭരണസമിതി നേരിടുന്നത് വൻ സാമ്പത്തിക പ്രതിസന്ധി. നഗരസഭയുടെ തനത് ഫണ്ടുകൾ ഉപയോഗപ്പെടുത്തി നിർമിച്ച കെട്ടിടങ്ങളിലെ കടമുറികളിൽ നിന്നും വാടകയിനത്തിൽ ലഭിക്കേണ്ട പണം നിലച്ചതാണ് ഈയൊരു പ്രതിസന്ധിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. 130 കടമുറികളാണ് ഇത്തരത്തിൽ വാടക നൽകാത്ത നഗരസഭയുടെ കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്നത്.ഇതിൽ 37ഓളം കടമുറികൾ വർഷങ്ങളായി എഗ്രിമെൻറ് പോലും പുതുക്കിയിട്ടില്ല. ഇവരിൽ നിന്ന് മാത്രം പിരിച്ചെടുക്കാൻ ഉള്ളത് അരക്കോടി രൂപയോളമാണ്. ഇത്തരത്തിൽ വാടക എഗ്രിമെൻറ് പുതുക്കാത്ത കടമുറികൾ പലതും ഭീമമായ തുകക്ക് മറു വാടകക്ക് നൽകിയിരിക്കുകയാണ് .4000 രൂപ മുതൽ 7000 രൂപ വാടക നിശ്ചയിച്ച നഗരസഭയിൽ നിന്നും കൈപ്പറ്റി കൈവശംവച്ച് വരുന്ന കടമുറികൾ നിന്നും 22,000 മുതൽ മുതൽ 35,000 രൂപ വരെയാണ് മറു വാടകക്ക് നൽകിയിരിക്കുന്നത്. ഇത്തരക്കാരാണ് വർഷങ്ങളായി ഒരു രൂപപോലും നഗരസഭക്ക് വാടക നൽകാതെ ജന്മവകാശം ലഭിച്ചതുപോലെ പ്രവർത്തിച്ചുവരുന്നത്. അഡ്വ. മുനീർ നഗരസഭാ പിതാവായി സ്ഥാനമേറ്റതിനുപിന്നാലെ ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കാൻ ആവശ്യപ്പെട്ടത് കൂടാതെ മൂന്നുദിവസംകൊണ്ട് വാടക നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് വ്യാപാര വ്യവസായ സമിതിയെ അറിയിച്ചിരുന്നു.പക്ഷെ വാടകക്കുടിശ്ശിക ഉള്ളവർ മുസ്ലിം ലീഗ് നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാ യതുകൊണ്ട് തുടർ നടപടികൾ ഉണ്ടായിട്ടില്ല. സർക്കാർ കെട്ടിടങ്ങളിൽ വർഷാവർഷം 15 ശതമാനം വരെ വാടക ഉയർത്താം എന്നിരിക്കെ കാസർകോട് നഗരസഭയിൽ നാളിതുവരെ അത്തരം നടപടി ഉണ്ടായിട്ടില്ല. ഇതിന് കാരണമാകുന്നത് കടമുറികൾ വാടകക്കെടുത്ത പലരും ഭരണസമിതിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോയതുകൊണ്ടാണ്, മുനിസിപ്പൽ സെക്രട്ടറി കടകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിട്ടും റവന്യൂ ഇൻസ്പെക്ടർമാരെ സ്വാധീനിച്ചു ചിലർ നടപടി വൈകിപ്പിക്കുയാണ്. വാടകക്കുടിശ്ശിക വരുത്തിയവരോട് നടപടി വൈകിപ്പിക്കാൻ പതിനായിരം രൂപ വരെ കൈക്കൂലി ചോദിച്ചതായും ചിലർ നൽകിയതായും ആരോപണമുയരുന്നുണ്ട്. ഇത്തരത്തിൽ മുൻസിപ്പൽ സെക്രട്ടറിയെയും നഗര പിതാവിനെയും ധിക്കരിച്ചു പ്രത്യക്ഷ അഴിമതി നടത്താൻ ഉദ്യോഗസ്ഥർ ധൈര്യപ്പെടുന്നുതിന് പിന്നിൽ ഉന്നത രാഷ്ട്രീയ പിന്തുണ ഉള്ളതുകൊണ്ടാണന്നാണ് ലഭിക്കുന്ന വിവരം. തനത് ഫണ്ടിൽ പണം ലഭിച്ചാൽ മാത്രമാണ് നഗരസഭയ്ക്ക് സ്വന്തം നിലക്ക് സാധാരണക്കാർക്ക് വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കുകയുള്ളൂ. അതേസമയം ഇതുമായി ബന്ധപ്പെട്ട് മൂന്നോളം സംഘടനകൾ സംയുക്തമായി തിങ്കളാഴ്ച വിജിലൻസിന് പരാതി നൽകുമെന്ന് ബി എൻ സി യോട് വ്യക്തമാക്കി.