മഹാരാഷ്ട്രയിൽ ആശുപത്രിയില്‍ തീപ്പിടിത്തം: 10 നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ പത്ത് നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു. ആശുപത്രിയിലെ നവജാത ശിശുരോഗ വിഭാഗത്തില്‍(എസ്എന്‍സിയു) ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
ഒന്ന് മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് എസ്എന്‍സിയുവിലുണ്ടായിരുന്നത്. എസ്എന്‍സിയുവില്‍ പ്രവേശിപ്പിച്ചിരുന്ന മറ്റ് ഏഴ് കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സിവില്‍ സര്‍ജനായ പ്രമോദ് ഖണ്ടാതേ അറിയിച്ചു.
തീവ്രപരിചരണവിഭാഗം, ഡയാലിലിസ് വിഭാഗം, ലേബര്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. അതിദാരുണമായ സംഭവമെന്ന് അപകടത്തെ ട്വിറ്ററിലൂടെ വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മരിച്ച കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ സഹായം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.