സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടൊവിനോ തോമസ്
തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും പോലുളള ദുരന്തങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധ സേനയുടെ അംബാസിഡറായി നടന് ടൊവിനോ തോമസ്. പ്രളയത്തിലും പിന്നീട് കൊവിഡ് കാലത്തും ഇത്തരം സന്നദ്ധപ്രവര്ത്തനത്തിലൂന്നിയ നിരവധി പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുണ്ടായി. പലതും ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലുമാണ് നടന്നത്. ഇവയെ ഒരു സംഘടന വഴി ഏകോപിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം.
”യുവാക്കളെ കൂട്ടിച്ചേര്‍ക്കുവാനും, കൂടുതല്‍ ആളുകള്‍ക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ ഇത്തരമൊരു സന്നദ്ധ സേന നമുക്ക് വലിയ മുതല്‍ക്കൂട്ടായി മാറും. സാമൂഹിക സന്നദ്ധ സേനയിലേയ്ക്ക് ഇനിയും ഒരുപാട് യുവാക്കാള്‍ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നത്. സാമൂഹ്യസേവനത്തിന്റെ ഈ മഹത് സന്ദേശം അവരിലേയ്ക്ക് പകരാനും, സന്നദ്ധ സേനയുടെ ഭാഗമാകാന്‍ അവരെ പ്രചോദിപ്പിക്കാനുമായി മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടന്മാരിലൊരാളായ ടൊവിനോ തോമസ് മുന്നോട്ടു വന്നിരിക്കുകയാണ്”- സന്നദ്ധ സേനയുടെ ബ്രാന്റ് അംബാസഡര്‍ ആകുവാനുള്ള ഉത്തരവാദിത്വം ടൊവിനോ ഏറ്റെടുത്തതില്‍ മുഖ്യമന്ത്രി നന്ദി പറഞ്ഞു.