ഭീഷണിപ്പെടുത്തിയിട്ടില്ല, വോട്ടറെ തടഞ്ഞപ്പോള്‍ ഇടപെടുകയാണ് ചെയ്തത്, വിശദീകരണവുമായി കെ.കുഞ്ഞിരാമന് എം.എൽ.എ
കാസര്‍കോട്: തിരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസറെ താന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കെ.കുഞ്ഞിരാമന് എംഎല്‍എ.
പ്രിസൈഡിങ് ഓഫീസറാണ് പ്രശ്നമുണ്ടാക്കിയതെന്ന് കെ.കുഞ്ഞിരാമന് എംഎല്‍എ പ്രതികരിച്ചു. ഈ ബൂത്തിന് തൊട്ടപ്പുറത്താണ് എനിക്ക് വോട്ടുള്ള ബൂത്ത്. രവികുമാര്‍ എന്നയാളെ വോട്ട് ചെയ്യാന്‍ സമ്മതിച്ചിരുന്നില്ല. അതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോഴാണ് താനങ്ങോട്ടേക്ക് പോയത്. ഒരു വോട്ടറുടെ അവകാശം നിഷേധിക്കാന്‍ തുനിഞ്ഞപ്പോഴാണ് ഇടപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ വോട്ടറെ തടഞ്ഞ പ്രിസൈഡിങ് ഓഫീസറുടെ പേരിലാണ് കേസെടുക്കേണ്ടതെന്നും കെ.കുഞ്ഞിരാമന് പറഞ്ഞു.
തന്നെ ഭീഷണിപ്പെടുത്തിയന്നാരോപിച്ച് പ്രിസൈഡിങ് ഓഫീസറായിരുന്ന കാര്‍ഷിക സര്‍വകലാശാല അധ്യാപകന് കെ.എം.ശ്രീകുമാറാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
തിരഞ്ഞെടുപ്പ് ദിവസം രാവിലെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ.മണികണ്ഠന്, കുഞ്ഞിരാമന് എംഎല്‍എ എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തി. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണി. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കാല്‍വെട്ടുമെന്ന് എംഎല്‍എ പറഞ്ഞുവെന്നും ശ്രീകുമാര്‍ ആരോപിച്ചിട്ടുണ്ട്.