“ഒരു കോടതിയിലും ഞങ്ങള്‍ പോകില്ല, നിയമം നിങ്ങള്‍ പിന്‍വലിക്കുക”; കേന്ദ്രത്തോട് കര്‍ഷകര്‍
ന്യൂദല്‍ഹി: കര്‍ഷകസമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയും പരാജയം. ജനുവരി 15 ന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാട് എട്ടാംവട്ട ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.
എന്നാല്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പുതിയ നിയമങ്ങളില്‍ തര്‍ക്കമുള്ള വ്യവസ്ഥകളിന്മേല് മാത്രം ചര്‍ച്ച നടത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള തീരുമാനം സുപ്രീംകോടതിയ്ക്ക് വിടാമെന്ന് സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് കിസാന്‍ സഭാ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള പറഞ്ഞു.
‘ഞങ്ങള്‍ പോരാട്ടം തുടരും. ഞങ്ങള്‍ ഒരു കോടതിയിലേക്കും പോകില്ല. കോടതിയില്‍ നിന്നുള്ള ഒരു നിര്‍ദേശവും ഞങ്ങള്‍ സ്വീകരിക്കില്ല’, ഹനന്‍മൊള്ള പറഞ്ഞു.
ഒന്നുകില്‍ ജയിക്കും അല്ലെങ്കില്‍ മരിക്കും എന്ന പ്ലക്കാര്‍ഡുകളുമായാണ് കര്‍ഷകര്‍ ചര്‍ച്ചക്കെത്തിയത്.
സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 41 നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ഭക്ഷ്യ – വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്കെത്തി.
ദല്‍ഹി വിജ്ഞാന് ഭവനിലായിരുന്നു ചര്‍ച്ച.
കര്‍ഷകരുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ വീട്ടിലേക്ക് പോകില്ലെന്നാണ് ഭാരത് കിസാന്‍ യൂണിയന് നേതാവ് രാകേഷ് തികായത്ത് പറഞ്ഞത്.
കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷകരുമായി ഏഴാംഘട്ട ചര്‍ച്ച നടന്നത്. കേന്ദ്രവും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടത്.
നാലിന അജണ്ട മുന്‍നിര്‍ത്തിയാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞ തവണ തയ്യാറായത്. ഇതില്‍ രണ്ട് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിരുന്നു. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്, വൈദ്യുതി ചാര്‍ജുമായി ബന്ധപ്പെട്ട നിയമം എന്നിവയില്‍ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യാറായിരുന്നു.
എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാട് ഏഴാമത്തെ ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചിരുന്നു.