അന്തര്‍ ദേശീയ വനിതാ ഫുട്ബാള്‍ താരം ആര്യശ്രീയുടെയും കുടുംബത്തിനും വീടൊരുങ്ങി
കാസർകോട് : അന്തര്‍ ദേശീയ വനിതാ ഫുട്ബാള്‍ താരം ആര്യശ്രീയുടെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നം പൂവണിയുന്നു. കായിക യുവജന കാര്യ വകുപ്പ് നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ ദാനം ഇന്ന് (ജനുവരി ഒമ്പതിന്) ഉച്ചയ്ക്ക് ഒരു മണിക്ക് വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് ഓണ്‍ലൈനായി നിര്‍വഹിക്കും. ഭൂട്ടാനില്‍ നടന്ന സാഫ് ഗെയിംസില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ പ്രധിരോധ നിരയില്‍ നെടുംതൂണായിരുന്ന ആര്യശ്രീയ്ക്ക് വീടു നിര്‍മ്മിച്ച് നല്‍കുന്നതിനായി 10 ലക്ഷം രൂപയാണ് മന്ത്രി അനുവദിച്ചത്.
തെക്കന്‍ ബങ്കളം രാങ്കണ്ടത്ത് നടക്കുന്ന താക്കോല്‍ ദാന ചടങ്ങില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ. എം. രാജഗോപാലന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബു എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ സ്പോര്‍ട്സ് കാണ്‍സിലിനായിരുന്നു നിര്‍മ്മാണ ചുമതല.